puthanveleikkara-padam-
പുത്തൻവേലിക്കര താഴംചിറ പാടം

പറവൂർ: പുത്തൻവേലിക്കര താഴംചിറ പാടത്ത് മാസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നത് നെൽകൃഷി നശിക്കാൻ ഇടവരുമെന്ന് ആശങ്ക. ഈ മാസം അവസാനത്തോടെ മുണ്ടകൻ കൃഷി ചെയ്യുവാനുള്ള ഒരുക്കങ്ങൾ കൃഷിഭവന്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ വിത്തുകൾ ശേഖരിക്കുന്നതിനും നിലം ഒരുക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ തുടങ്ങി. 150 ഏക്കറോളം പ്രദേശത്ത് മുണ്ടകൻ കൃഷിയും അത്രയും തന്നെ പുഞ്ചകൃഷിയും ചെയ്യുവാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.ഈ മാസം രണ്ടാം വാരത്തിൽ മഴ ശക്തമാൽ വെള്ളം പാടത്ത് കെട്ടികിടന്നാൽ മുണ്ടകൻ കൃഷി വൈകുകയും പുഞ്ച കൃഷി നടത്താൻ കഴിയാതെ വരും.

# നടപടി സ്വീകരിക്കണം

പാടത്തെ വെള്ളം ഒഴുകി പോകുവാനുള്ള തോടുകളിലെ തടസങ്ങൾ നീക്കുവാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് പാടശേഖര സമിതിയുടെ ആവശ്യം. താഴം ചിറ പാടശേഖരത്തിനോട് ചേർന്നു കിടക്കുന്ന തൃശൂർ ജില്ലാ അതിർത്തിയിൽ പൊയ്യ പഞ്ചായത്തിൽ ഉൾപ്പെട്ട മഠത്തുംപടി, പനച്ചമണലിക്കാട്, പറമാട് എന്നീ പ്രദേശങ്ങളിലെ പാടങ്ങളും ചുറ്റുമുള്ള കുന്നിൻ ചെരിവുകളിൽ നിന്നും പത്ത് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പെയ്യുന്ന മഴയിൽ നിന്നും ഉണ്ടാകുന്ന വെള്ളം ഒഴുകി പോകുവാനുള്ള കുറ്റിച്ചിറ, തോണ്ടൽ തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മറ്റു തടസങ്ങളും നീക്കം ചെയ്തിട്ടില്ല.

# വെള്ളം കെട്ടികിടക്കുന്നു

കുറ്റിച്ചിറതോട്, പുത്തൻവേലിക്കര, പൊയ്യ എന്നീ പഞ്ചായത്തുകളുടെ അതിർത്തി തോടാണിത്. ഈ തോടുകളിലെ ഓരുവെള്ളം തടയുവാൻ പൊയ്യ പഞ്ചായത്ത് താത്കാലികമായി കെട്ടുന്ന ബണ്ടുകളും മറ്റു തടസങ്ങളും മാറ്റാത്തതാണ് ഇവിടെ വെള്ളം കെട്ടി കിടക്കുന്നതിന്റെ പ്രധാന കാരണമായി കർഷകർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാക്കിയ ദുരന്ത ലഘൂകരണ ആസൂത്രണ പദ്ധതിരേഖ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിന് സർക്കാർ തലത്തിലും പ്രാദേശിക തലത്തിലും പ്രാധാന്യം നൽകിയില്ല. അതിതീവ്ര മഴയിൽ പെട്ടെന്ന് ഉണ്ടാകുന്ന കെടുതികളെക്കാളും കൂടുതലാണ് വരൾച്ചയിലൂടെ ദീർഘ നാളുകൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ. ദുരന്തനിവാരണ ലഘൂകരണ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ശാസ്ത്രീയ സമീപന രീതികളും സ്വീകരിക്കണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ പി.ടി. മാണി, പി.കെ. ജോസഫ്, അനുരാജ് വാഴപ്പിള്ളി, എ.ബി. ഷാലു, വി.കെ. രാജു, എം.പി. ഷാജൻ എന്നിവർ ആവശ്യപ്പെട്ടു.