gold

കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ, ആറ് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌ത് പ്രത്യേക എൻ.ഐ.എ കോ‌ടതിയിൽ ഹാജരാക്കി. തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി ചേർക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഇതിൽപ്പെടും. ഇതോടെ സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അറസ്‌റ്റിലായവർ പത്തായി.

മൂവാറ്റുപുഴ സ്വദേശികളായ എ.എം. ജലാൽ, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി, മലപ്പുറം സ്വദേശികളായ ഇ. സെയ്ദ് അലവി എന്ന ബാവ, പി. മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരാണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹമ്മദ് അലിയാണ് കൈവെട്ട് കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. 2015 ലെ വിചാരണയിൽ ഇയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി വെറുതെ വിട്ടിരുന്നു.

സ്വർണക്കടത്തിലെ സൂത്രധാരനായ പെരിന്തൽമണ്ണ സ്വദേശി കെടി. റെമീസിൽ നിന്ന് സ്വർണം വാങ്ങിയവരാണ് എ.എം. ജലാൽ, സെയ്ദ് അലവി, മുഹമ്മദ് ഷാഫി, അബ്ദു എന്നിവർ. സ്വർണം വാങ്ങാൻ ജലാലിനെ സഹായിക്കുകയും അതിനായി ഗൂഢാലാേചന നടത്തുകയും ചെയ്‌തത് മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയുമാണെന്ന് എൻ.ഐ.എ വെളിപ്പെടുത്തി. പ്രതികളുടെ വീ‌ടുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് ഹാർഡ് ഡിസ്‌ക്, ഒരു ടാബ്‌ലെറ്റ്, എട്ട് മൊബൈൽ ഫോൺ, ആറ് സിം കാർഡ്, ഒരു ഡിജിറ്റൽ ആഡിയോ റെക്കാഡർ, അഞ്ച് ഡി.വി.ഡി, പാസ് ബുക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യാത്രാരേഖകൾ എന്നിവ പിടിച്ചെടുത്തു. ദുബായിൽനിന്ന് സ്വർണമയച്ച ഫൈസൽ ഫരീദിന് സമാനമായ പങ്കുള്ള മൂവാറ്റുപുഴ സ്വദേശി റെബിൻസ് ഹമീദ്, കെ.ടി. റെമീസ് എന്നിവരുടെ വീടുകളിലും എൻ.ഐ.എ പരിശോധന നടത്തി.