അങ്കമാലി: പ്രധാനമന്ത്രിയുമായി സംവദിച്ച് ഫിസാറ്റ് കോളേജിലെ വിദ്യാർഥികൾ.ഗ്രാമീണ മേഖലയിലെ പാവപ്പെട്ട സ്ത്രീകൾക്കു പുനരുപയോഗിക്കാവുന്ന സാനിട്ടറി പാഡ് നിർമിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന പ്രോജക്ടുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിച്ചത്. ദേശീയ തലത്തിൽ നടക്കുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ മത്സരത്തിൽ ഫിസാറ്റിലെ വിദ്യാർത്ഥികൾ പ്രധാന മന്ത്രിയുമായി വിഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയും തങ്ങളുടെ കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഹാക്കത്തണിൽ ഫൈനൽ റൗണ്ടിലെത്തിയ കോളേജിലെ വിദ്യാർഥികളായ അതുല്യ ശ്രീകുമാർ, റേയ്ച്ചു മേരി മാത്യു, യദു കൃഷ്ണ, എം.വിഷ്ണു ,പി.റിഷാദ്, അഞ്ജു കൃഷ്ണ എന്നിവർക്കാണു പ്രധാന മന്ത്രിയുമായി സംസാരിച്ചത്. ഗ്രാമീണമേഖലയിലെ സ്ത്രീവികസനത്തിൽ പ്രൊജക്ടിന്റെ സാധ്യതകളെ സംബന്ധിച്ച ചോദ്യത്തിനു വിദ്യാർത്ഥികൾ നൽകിയ മറുപടിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. നിലവിൽ പ്ലാസ്റ്റിക് കലർന്ന സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. അതിനു പകരം പുനരുപയോഗിക്കാവുന്ന തുണിയിൽ പാഡ് നിർമിക്കുന്നതിനോടൊപ്പം അണുവിമുക്തമാക്കാനുള്ള ഉപകരണവുമാണു വിദ്യാർഥികൾ വികസിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത 5 ലക്ഷത്തിലേറെ വിദ്യാർത്ഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സംഘങ്ങൾക്കാണു പ്രധാന മന്ത്രിയുമായി നേരിട്ടു സംവദിക്കാൻ അവസരമുണ്ടായത്. ഫൈനൽ മത്സരത്തിൽ 200 ടീമുകൾ മാറ്റുരയ്ക്കും. 500 രൂപ മുതൽ മുടക്കിൽ ആജീവനാന്തകാലം ഒരു വീട്ടിലെ എല്ലാ സ്ത്രീകൾക്കും പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലാണു പ്രോജക്ട് തയാറാക്കിയിട്ടുള്ളത്. ഇലക്ട്രോണിക്സ് ആൻഡ് ഇന്സ്ട്രുമെന്റേഷൻ എൻജിനീയറിംഗ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിദ്യാർത്ഥികൾ സംയുക്തമായാണ് പാഡ് അണുവിമുക്ത ഉപകരണം വികസിപ്പിച്ചത്.അദ്ധ്യാപകരായ പ്രഫ പി.രാജി, ഡോ.അബി മാത്യു, ടോം ആന്റോ എന്നിവരാണു പ്രോജക്ടിനു മാർഗ നിർദേശം നൽകിയത്.