തൃക്കാക്കര: കൊവിഡ് ഭീതിയെത്തുടർന്ന് തൃക്കാക്കര ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് അണുവിമുക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ്.എൽ.ടിസിക്ക് ഒരു ക്ളബ്ബിന്റെ ഭാരവാഹികൾ കളക്ടറുടെ സാന്നിദ്ധ്യത്തിൽ സാധന സാമഗ്രികൾ കൈമാറിയിരുന്നു. ഭാരവാഹികളിലൊരാൾക്ക് കൊവിഡ് ഫലം പൊസിറ്റീവായതിനെ തുടർന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയും ചെയ്തിരുന്നു. കളക്ടറേറ്റിലെ കളക്ടർ,എ.ഡി.എം എന്നിവരുടെ ചേമ്പറുകൾ.ഇതിനോട് ചേർന്നുള്ള ഇരുവരുടെയും സി.എ മാരുടെ ഓഫീസ്,കളക്ടറേറ്റ് വരാന്തകളും ഡെപ്പ്യൂട്ടി കളക്ടർമാരുടെ ഓഫീസുകൾ.കോൺഫ്രൻസ് ഹാൾ ,കളക്ടറേറ്റിന്റെ പ്രധാന കവാടം അടക്കം മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കി. തൃക്കാക്കര സ്റ്റേഷൻ ഓഫീസർ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ ജിജികുമാർ,കൃഷ്ണ ചന്ദ്,വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് അണുവിമുക്തമാക്കിയത്.