yasodha
യശോദ

ആലുവ: സർക്കാർ ആശുപത്രികളും പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിച്ചാൽ എങ്ങോട്ടുപോകും സാറേ എന്ന് ചോദിച്ച് യശോദ അലമുറയിട്ടത് അവിടെയുണ്ടായിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. നാണയം വിഴുങ്ങിയ പേരക്കുട്ടി മൂന്നുവയസുകാരൻ പൃഥ്വിരാജ് ആലുവ ജില്ലാ ആശുപത്രിയിൽമരിച്ചുകിടക്കുമ്പോഴാണ് ആരോഗ്യപ്രവർത്തകർക്കും പൊലീസിനും മുന്നിൽനിന്ന് അവർ അലമുറയിട്ടത്.

കുട്ടി മരിച്ചിട്ടും അധികാരികളാരും ഒരു സാന്ത്വനവാക്ക് പോലും പറഞ്ഞില്ലെന്നും യശോദ പറഞ്ഞു.

ഒരുദിവസം തന്നെ മൂന്ന് ആശുപത്രിയിലാണ് ഞാനും മകളും ചേർന്ന് കുട്ടിയുടെ ജീവൻ നിലനിർത്താനായി കയറിയിറങ്ങിയത്. ഞങ്ങളെ സഹായിക്കാൻ ആശുപത്രിയിലെ ആരും തയ്യാറായില്ല. 300 രൂപ കൂലിക്ക് വീട്ടുജോലി ചെയ്താണ് ഞങ്ങൾ മൂന്നുപേർ ജീവിക്കുന്നത്. പണമുണ്ടായിരുന്നെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോയേനെ. രാവിലെ പേരക്കുട്ടിക്ക് പാൽ തിളപ്പിച്ച് കൊടുക്കാൻ കൂടിയാണ് വെളുപ്പിനെ അഞ്ചരക്ക് എഴുന്നേറ്റത്. പാൽ തിളപ്പിച്ചശേഷം വിളിക്കാൻ തീരുമാനിച്ചെങ്കിലും അവൻ കുറച്ചുകൂടി ഉറങ്ങട്ടെയെന്ന് മകൾ പറഞ്ഞു. തുടർന്ന് ആറരയോടെയാണ് നോക്കിയതും ഉടനെ ആശുപത്രിയിലെത്തിച്ചതുമെന്നും യശോദ പറഞ്ഞു.