covid
കുന്നുകര പഞ്ചായത്തിന് ലഭിച്ച പ്രശസ്തിപത്രം

നെടുമ്പാശേരി: കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് കുന്നുകര ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്‌ക്കാരം. ഏറ്റവും മികച്ച സിവിലിയൻ അവാർഡായ സ്‌കോച്ച് സിൽവർ അവാർഡിനാണ് കുന്നുകര പഞ്ചായത്ത് അർഹമായത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പഞ്ചായത്ത് പ്രദേശത്ത് രോഗ വ്യാപനം തടയുന്നതിന് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. ഉന്നത് ഭാരത് അഭിയാന്റെ ഭാഗമായി പഞ്ചായത്തിലെത്തിയ എറണാകുളം സെന്റ്തെരേസാസ് കോളേജിൽ നിന്നുള്ള അദ്ധ്യാപക സംഘമാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് പവർ പോയൻ്റ് പ്രസന്റേഷൻ ഉൾപ്പെടെ തയ്യാറാക്കി അവാർഡ് സമിതിയ്ക്ക് സമർപ്പിച്ചത്. തുടക്കം മുതൽ കർശനമായ നിയന്ത്രണങ്ങളാണ് പഞ്ചായത്ത് പരിധിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഉൾപ്പെടുന്ന സർവ കക്ഷി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയാണ് നടപടികളെടുക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ആളുകളുടെയും ശക്തമായ പിന്തുണയാണ് ലഭിച്ചതെന്ന് പ്രസിഡൻ്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പദ്ധതി തയ്യാറാക്കി വിജയകരമായി നടപ്പാക്കുന്നതിലും പഞ്ചായത്തിന് കഴിഞ്ഞു.