തൃക്കാക്കര : അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട എറണാകുളം ആർ.ടി.ഓഫീസ് ഇന്ന് തുറക്കും. എന്നാൽ പൊതു സേവന നടപടികൾ ഒന്നും ഉണ്ടാകുകയില്ല.കഴിഞ്ഞ 28നാണ് എം.വി.ഐക്ക് കൊവിഡ് പോസിറ്റീവായത്. അന്നു തന്നെ ഓഫീസ് അടച്ചു ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. ആർ ടി ഒ ഉൾപ്പെടെ 74 ജീവനക്കാരുള്ള ഓഫീസിലെ 70 പേരും നിരീക്ഷണത്തിലാണ്. അവധിയിൽ ആയിരുന്നതിനാൽ ജോയിന്റ് ആർ.ടി.ഒയും രണ്ടു ജീവനക്കാരും മാത്രമാണ് സമ്പർക്കത്തിൽ പെടാതിരുന്നത്. ഇവർ ഇന്ന് ഓഫീസിലെത്തും.എൻട്രി - വെരിഫിക്കേഷൻ -- ഇഷ്യു എന്നീ നടപടിക്രമങ്ങളാണ് ഓഫീസിൽ നടക്കേണ്ടത്.74 പേർ ചെയ്തിരുന്ന ജോലി മൂന്നു പേർ ഇങ്ങിനെ ചെയ്യുമെന്ന് ചോദ്യം ഉയർന്നിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസ് പ്രവർത്തിക്കാനാണ് സർക്കാർ നിർദേശം.ആർ.ടി.ഓഫീസിൽ ഇത് നടപ്പായില്ല. എം.വി.ഐക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഓഫീസും, കളക്ടറേറ്റ് വരാന്തകളും ഫയർഫോഴ്സ് അണുവിമുക്തമാക്കിയിരുന്നു. കളക്ടറേറ്റിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കർശന നിയന്ത്രണത്തിലാണ്.ആർ.ടി.ഒഫീസിൽ പ്രവേശനം നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു. കളക്ടറേറ്റ് മന്ദിരത്തിലാണ് ആർ.ടി.ഓഫീസും പ്രവർത്തിക്കുന്നത്. ഇതേതുടർന്ന് കളക്ടറേറ്റിലെ ജീവനക്കാർ ഇപ്പോഴും ആശങ്കയിലാണ്.