ആലുവ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡ്രൈവറുടെ മൃതദേഹം മൂന്നുദിവസം കഴിഞ്ഞിട്ടും പോസ്റ്റുമോർട്ടം നടത്താതെ പൊലീസും ആശുപത്രി അധികൃതരും. ദിവസങ്ങൾ വൈകിയപ്പോൾ ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
ആലുവ തായിക്കാട്ടുകര പട്ടാടുപാടത്ത് ദേവിവിലാസത്തിൽ ലക്ഷ്മണൻ (മുരുകൻ 51) കഴിഞ്ഞ 30ന് ഉച്ചയ്ക്കാണ് ഇടപ്പള്ളി കിൻഡർ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. അന്നുതന്നെ കളമശേരി മെഡിക്കൽ കോളേജിൽ
കൊവിഡ് പരിശോധനയ്ക്കായി സ്രവമെടുത്തു. 31ന് രാവിലെ പോസറ്റീവാണെന്ന് റിസൾട്ടും കിട്ടി. തമിഴ്നാട് സ്വദേശിയായ മുരുകന്റെ മൂന്ന് മക്കളും ഇതോടെ ക്വാറന്റെയിനിലായി. കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്തുമെന്നും ഇവരെ അറിയിച്ചു.
പക്ഷെ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും സംസ്കാരം നടന്നില്ല. ശനിയാഴ്ച പോസ്റ്റുമോർട്ടത്തിന് ഉദ്ദേശിച്ചിരുന്നെങ്കിലും കളമശേരി പൊലീസ് എത്തിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഇന്നലെ ആശുപത്രിയിൽ എത്തിയെങ്കിലും സർജൻ ഇല്ലാത്തതിനാൽ പോസ്റ്റുമോർട്ടം നടത്താനായില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. മൃതദേഹം നാലാംദിവസവും മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തുമെന്നാണ് ഒടുവിൽ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.