തോപ്പുംപടി: രോഗ വ്യാപനം കൂടിയതോടെ പശ്ചിമകൊച്ചിയിലേക്കുള്ള പ്രധാന പാലങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം പൊലീസ് അടച്ചു പൂട്ടി. തോപ്പുംപടി ബി.ഒ.ടി, ഹാർബർ, ഇടക്കൊച്ചി കണ്ണങ്ങാട്ട് എന്നീ പാലങ്ങളാണ് ഇന്നലെ രാത്രിയോടെ അടച്ച് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്. ഇതിലൂടെ അത്യാവശ്യ സർവീസുകൾ മാത്രമേ കടത്തിവിടൂ. ആശുപത്രി, മരണം എന്നീ ആവശ്യങ്ങൾക്ക് പുറത്തേക്ക് പോകാൻ പൊതുജനങ്ങൾക്ക് അനുമതി ലഭിക്കും. നിർദ്ദേശം ലംഘിച്ച് ഇതുവഴി എത്തുന്നവർക്ക് കനത്ത പിഴ ഈടാക്കി വാഹനം കസ്റ്റഡിയിലെടുക്കും. ഈ വാഹനങ്ങൾ വിട്ടുനൽകുന്ന കാര്യം പൊലീസ് പിന്നീട് തീരുമാനിക്കും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പള്ളുരുത്തി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലങ്ങൾ അടച്ചിടാൻ ജില്ലാ ഭരണകൂടം നിർബദ്ധതരായത്. അതേസമയം പ്രദേശത്തെ കടകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചവരെ മാത്രമേ ഇവിടങ്ങളിലെ കടകൾക്ക് തുറക്കാൻ അനുമതിയുള്ളൂ. കടയിൽ പോകുന്നു എന്ന പേരിൽ പുറത്ത് ഇറങ്ങുന്നവരുടെ തിരക്കൊഴിവാക്കാനാണ് നടപടി.

ഇന്നലെ പള്ളുരുത്തി മേഖലയിലെ തറേ ഭാഗം, കച്ചേരിപ്പടി, ഇടക്കൊച്ചി, പുല്ലാർ ദേശം, കടേഭാഗം തുടങ്ങിയ സ്ഥലങ്ങൾ ഭാഗികമായി പൊലീസും നഗരസഭാഗ ഉദ്യോഗസ്ഥരും ചേർന്ന് അടച്ചു പൂട്ടി. റോഡ് അടച്ചിടാനുള്ള സാമഗ്രികളുടെ കുറവും പൊലീസിന് തലവേദനയായിരിക്കുകയാണ്. പാലങ്ങൾ അടച്ചു പൂട്ടിയതോടെ പശ്ചിമകൊച്ചിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മട്ടാഞ്ചേരി ഹാൾട്ട്, തേവര ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.