കൊച്ചി: പശ്ചിമകൊച്ചിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ മാലിന്യശേഖരണത്തിലും നിയന്ത്രണങ്ങൾ. വീടുകളിലും കടകളിലും നിന്ന് ആഴ്ചയിൽ രണ്ടുദിവസം വീതം മാലിന്യമെടുത്താൽ മതിയെന്നാണ് നിർദേശം. അതാത് ഹെൽത്ത് ഇൻസ്പക്ടർമാർക്ക് ഇക്കാര്യത്തിൽ യുക്തമായ തീരുമാനങ്ങളെടുക്കാം.

ക്വാറന്റെയിനിൽ കഴിയുന്ന ആളുകൾ കഴിയുന്നതും ജൈവ മാലിന്യങ്ങൾ കുഴിച്ചുമൂടണം. അജൈവമാലിന്യങ്ങൾ 14 ദിവസം വീട്ടിൽ സൂക്ഷിക്കണം. പിന്നീട് അണുവിമുക്തമാക്കിയശേഷം തൊഴിലാളികൾക്ക് കൈമാറണം.

# ആന്റിജൻ പരിശോധന വർദ്ധിപ്പിച്ചു

ഫോർട്ടുകൊച്ചി ,കരുവേലിപ്പടി സർക്കാർ ആശുപത്രികൾ, പള്ളുരുത്തി താലൂക്ക് ആശുപത്രി, കൽവത്തി ഹാൾ എന്നിവിടങ്ങളിൽ ഇന്നലെമുതൽ ആന്റിജൻ പരിശോധന ആരംഭിച്ചു. അടുത്തദിവസം ഫലം അറിയാം. കൊവിഡ് പോസിറ്റീവായാൽ ആരോഗ്യപ്രവർത്തകർ രോഗിയെ വിവരം അറിയിക്കും. അടുത്ത നടപടികളിലേക്ക് കടക്കും.

# ചികിത്സാകേന്ദ്രങ്ങൾ സജ്ജം

കൊവിഡ് ലക്ഷണമുള്ളവരെ ചികിത്സിക്കാൻ കൊച്ചി കോർപ്പറേഷന് കീഴിൽ ആരംഭിക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തനസജ്ജമായി. മൂന്നിടങ്ങളിലായി 190 കിടക്കകളുള്ള സെന്ററുകളാണ് ഒരുക്കിയത്. മട്ടാഞ്ചേരി ടൗൺഹാളിൽ 90 കിടക്കകളും പള്ളുരുത്തി കമ്മ്യൂണിറ്റി ഹാളിൽ 60 കിടക്കകളും ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാളിൽ 40 കിടക്കകളും വീതമുണ്ട്. ഇതുവരെ രോഗികളെത്തിയിട്ടില്ല.
ഫ്രണ്ട് ഓഫീസ്, കൺസൾട്ടിംഗ് റൂം, നഴ്‌സിംഗ് റൂം, ബാത്ത് റൂം, ഡ്രസിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. സമീപത്തെ ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രി എന്നിവയുമായി സഹകരിച്ചാവും സെന്ററുകൾ പ്രവർത്തിക്കുക. കൊവിഡ് പോസിറ്റീവ് ആകുന്നവരെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ഗുരുതരാവസ്ഥയിലുള്ളവരെ കൊവിഡ് ഹോസ്പിറ്റലായ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കൽവത്തി ഹാളും ചികിത്സാകേന്ദ്രങ്ങളിൽ ഒന്നാണ്. കണ്ടെയിൻമെന്റ് സോണായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. യാത്രാനിയന്ത്രണങ്ങൾ മൂലം തൊഴിലാളികൾക്ക് എത്താൻ കഴിയുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു.

# സംസ്കരിക്കാൻ സ്ഥലമില്ലാതെ ചേരിനിവാസികൾ

വാഹനം എത്താൻ കഴിയുന്ന സ്ഥലത്തെല്ലാം കോർപ്പറേഷൻ ജീവനക്കാർ നേരിട്ടെത്തി മാലിന്യം എടുക്കുന്നുണ്ട്. ഇടറോഡുകളിൽ മുച്ചക്ര വാഹനത്തിലാണ് മാലിന്യശേഖരണം. ക്വാറന്റെയിൻ വീടുകളിലെ ജൈവമാലിന്യങ്ങൾ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് ജെ.സി.ബികൊണ്ട് വലിയകുഴിയെടുത്ത് മൂടണം.

സീനത്ത് റഷീദ്

കൗൺസിലർ