കൊച്ചി: മുന്നറിയിപ്പില്ലാതെ പശ്ചിമ കൊച്ചിയിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള മുഴുവൻ ഗതാഗതവും തടഞ്ഞ ജില്ലാഭരണകൂടത്തിന്റെ നടപടി അശാസ്ത്രീയമാണെന്ന് കേരള പീപ്പിൾസ് മൂവ്മെന്റ് കൊച്ചി സിറ്റി യൂണിറ്റ് കൺവീനർ കെ.വിജയൻ ആരോപിച്ചു. രോഗം പടരുന്നത് തടയേണ്ടത് ആവ്യമായിരിക്കുമ്പോൾ തന്നെ, പശ്ചിമകൊച്ചി യിലേയും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലേയും ജനങ്ങളെ മുഴുവൻ ജോലിക്കും മറ്റ് അത്യാവശ്യകാര്യങ്ങൾക്കുമായി എറണാകുളം ഭാഗത്തേക്ക് പ്രവേശിക്കുന്നതും തിരിച്ചുപോകുന്നതും പൂർണമായും തടഞ്ഞാൽ അവിടങ്ങളിലെ ജനജീവിതം ഒട്ടാകെ തകരാറിലാകും. മുൻകൂട്ടിയുള്ള അറിയിപ്പുകളോടെ ഒരു പരിധിവരെയുള്ള നിയന്ത്രണമാണ് കൈക്കൊള്ളേണ്ടിയിരുന്നത്.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വടക്കെ ചെല്ലാനം ഭാഗത്തുള്ള ആളുകളെ ലോഡ് ബ്രിസ്റ്റോ പാലംവഴി എറണാകുളം ഭാഗത്തേക്കും, ബി.ഒ.ടി. പാലം വഴി തിരിച്ചും ആവശ്യമായ നിയന്ത്രണങ്ങളോടെ ഗതാഗതത്തിന് അനുവദിക്കണം. പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, തെക്കെ ചെല്ലാനം ഭാഗത്തു നിന്നുള്ളവരെ ബി.ഒ.ടി.പാലം, പറമ്പിത്തറ പാലം എന്നിവ വഴി എറണാകുളം ഭാഗത്തേക്കും കണ്ണങ്കാട്ട് പാലം വഴി തിരിച്ചും ഗതഗതത്തിന് അനുവദിക്കേണ്ടതാണ്.
ഇതിനു പുറമേ ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നുള്ള ബോട്ടുകൾ വഴിയും ഗതാഗതം നിയന്ത്രിക്കേണ്ടതാണ്. ഇങ്ങനെ അവസരോചിതമായിട്ടാണ് പശ്ചിമ കൊച്ചിയിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കേണ്ടിയിരുന്നത്. അത്യാവശ്യമില്ലാത്ത യാത്രകൾ ഇപ്പോൾതന്നെ ജനങ്ങൾ ഒഴിവാക്കുന്നുണ്ട്. അതിനുപകരം രോഗം പടരുന്നതിന്റെ പേരിൽ പശ്ചിമകൊച്ചിയിലെ ജനങ്ങളെ ഒന്നടങ്കം ജയിലിലടക്കുന്നതുപോലെയുള്ള നടപടി അഭികാമ്യമല്ല.