കൊച്ചി: ലോക്ക് ഡൗൺ കാലത്ത് ഇടപാടുകൾ ലഭിച്ചില്ലെന്ന പേരിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടതിൽ ഓൾ കേരള പ്രൈവറ്റ് ഫേംസ് എംപ്ളോയീസ് യൂണിയൻ പ്രതിഷേധിച്ചു. രാജ്യം കൊവിഡ് ഭീതിയിൽ നിൽക്കെ നടപടികൾ സ്വീകരിക്കരുതെന്ന കേന്ദ്രസർക്കാർ നിർദേശം ലംഘിച്ച പിരിച്ചുവിടൽ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ ആരോപിച്ചു. ജീവനക്കാരെ ചൂഷണംചെയ്യുന്ന നടപടികൾ ഇൻഷ്വറൻസ് കമ്പനികൾ അവസാനിപ്പിക്കണം. തൊഴിൽ നിയമങ്ങൾ ലംഘിച്ചാണ് പല കമ്പനികളും പ്രവർത്തിക്കുന്നത്. ജോലിക്കെത്തുമ്പോൾ കമ്പ്യൂട്ടർ ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിരിച്ചുവിട്ടെന്ന് കരുതണം. പിന്നീടാണ് ഇ മെയിലും മൊബൈൽസന്ദേശവും നൽകുന്നത്. ഇത്തരം നടപടികൾക്കെതിരെ സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു.