കൊച്ചി: മുല്ലപ്പെരിയാർ ദുരന്തസാദ്ധ്യത മുൻനിറുത്തി ജനങ്ങളെ ബോധവത്കരിക്കാൻ സിനിമ നിർമ്മിക്കുമെന്ന് കേരള പീപ്പിൾസ് മൂവ്മെന്റ്- മുല്ലപ്പെരിയാർ പ്രക്ഷോഭസമിതി അറിയിച്ചു. ഭാരവാഹികളുടെ ടെലികോൺഫറൻസിലാണ് ഇത് സംബന്ധിച്ച തീരുമാനം.
അണക്കെട്ട് ദുരന്തമുണ്ടായാൽ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പുനൽകുകയാണ് സിനിമയുടെ ലക്ഷ്യം. സമിതി ട്രഷറർ ടോം കെ. ജോർജ്, ജസൻ ജോസഫ്, ബിന്ദു രാജൻ എന്നിവർക്കാണ് നിർമ്മാണ ചുമതല. മുല്ലപ്പെരിയാർ വിഷയത്തിൽ ശക്തമായ ബഹുജനസമരത്തിന് രൂപം നൽകാനും യോഗം തീരുമാനിച്ചു.ജനകീയപ്രക്ഷോഭം വളർന്നുവരുന്നതിനനുസരിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമമെന്ന നിലയിൽ അന്താരാഷ്ട്ര കോടതിയേയും സമീപിക്കും.
സമിതി ചെയർമാൻ ജോസ് കുറ്റിയാനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും കേരള പീപ്പിൾസ് മൂവ്‌മെന്റ് ചെയർമാനുമായ അഡ്വ.ജേക്കബ് പുളിക്കൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചർച്ചകളിൽ ടോം കെ. ജോർജ്, ജസൻ ജോസഫ്, ബിന്ദു രാജൻ, ടി.പി. ബാബു, ജോർജ് കാട്ടുനിലത്ത്, എസ്.എ. റഹിം, ജയൻ ജേക്കബ്, എ.ആർ. നിതീഷ് എന്നിവരും പങ്കെടുത്തു. നിലവിലുള്ള ട്രഷറർ ജമാൽ മേത്തരെ ജോയിന്റ് കൺവീനറായും ടോം കെ. ജോർജിനെ പുതിയ ട്രഷററായും നിശ്ചയിച്ചു.