കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതി സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ അംഗം എം.എം. അൻവർ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ആഗസ്റ്റ് ഏഴിനു വീണ്ടും പരിഗണിക്കും. രണ്ടുഘട്ടങ്ങളിലായി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന അൻവർ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ജൂലായ് 22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. തുടർന്ന് ജൂലായ് 22ന് കീഴടങ്ങി. വിചാരണക്കോടതിയിൽ രണ്ടുതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. ഒരു മാസത്തോളമായി ജയിലിലാണെന്നും കേസിൽ നിരപരാധിയാണെന്നും വ്യക്തമാക്കിയാണ് അൻവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

കേസിലെ ആദ്യ രണ്ടു പ്രതികളായ വിഷ്ണുവും മഹേഷും തന്നെ ബലിയാടാക്കിയതാണെന്നും തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പണം ബാങ്കിൽ തിരിച്ചടച്ച് അധികൃതർക്ക് പരാതി നൽകിയെന്നും അൻവറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. ഇൻകംടാക്സ് പ്രശ്നങ്ങളുള്ളതിനാൽ ഒരു സുഹൃത്തു നൽകുന്ന തുക തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ അനുവദിക്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ അനുവദിച്ചതെന്നും തട്ടിപ്പുമായി ബന്ധമില്ലെന്നുമാണ് അൻവറിന്റെ വാദം.