
• കൈനോട്ടക്കാർക്ക് ജോലിയുമില്ല, കൂലിയുമില്ല
കോലഞ്ചേരി: കൈനോട്ടക്കാരുടെ ഭൂതം പാളി, ഭാവിയാകട്ടെ പ്രവചിക്കാനുമാവുന്നില്ല. ഒരു കൈ കണ്ടിട്ട് മാസം നാലു കഴിഞ്ഞു. ഇനി കൈ കാണാനാകുമോ എന്നു പോലും അറിയില്ല.
ഉത്സവ സീസണുകളാണ് ഭാവി പ്രവചനക്കാരുടെ ജീവിതത്തെ പുഷ്ടി പിടിപ്പിച്ചിരുന്നത്. കൊവിഡ് ഇവരുടെ ജീവിതം തകർത്തെറിഞ്ഞു. മാർച്ച് മുതൽ മേയ് വരെയുള്ള ഉത്സവ സീസൺ കൊവിഡെടുത്തു. അമ്പലങ്ങളിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞതോടെ ആ പ്രതീക്ഷയും നിലച്ചു.
ഭാവി പ്രവചനക്കാരിൽ ഭൂരിഭാഗവും 65 കഴിഞ്ഞവരുമാണ്. വീടുകളിൽ ഒതുങ്ങി കൂടിയതോടെ കുടുംബം പട്ടിണിയിലായി. സർക്കാർ ആനുകൂല്ല്യങ്ങൾ ലഭിക്കാത്ത മേഖലയാണിത്. ക്ഷേമനിധിയുമില്ല. സമാന അവസ്ഥ തന്നെയാണ് പക്ഷി ശാസ്ത്രം, മഷി നോട്ടം, രാശി നോട്ടം വിദഗ്ദ്ധരും ജ്യോതിഷികളും,വാസ്തു വിദ്യക്കാരും നേരിടുന്നത്.
കാർഡെടുക്കുന്ന കൂട്ടിലടച്ച തത്തയ്ക്ക് ഭക്ഷണം നല്കാൻ പോലും വകയില്ല.
കൊവിഡു വരെ 500 മുതൽ 2000 രൂപ വരെ ദക്ഷിണയായി കിട്ടിയിരുന്നവരാണ് പലരും.
കൊവിഡിനിടെ കൈനോട്ടവും 'ആസ്ട്രോ ഗുരു ' എന്ന ആപ്പ് ഏറ്റെടുത്തതോടെ ഇനിയുള്ള ജീവിതമെന്തെന്നറിയാതെ ഉഴലുകയാണിവർ.