കൊച്ചി: കണയന്നൂർ താലൂക്കിലെ വർഷങ്ങൾനീണ്ട പരാതികൾക്ക് സഫലത്തിലൂടെ പരിഹാരം. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ വിവിധ അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായാണ് താലൂക്കുതല പരാതിപരിഹാര അദാലത്ത് (സഫലം) സംഘടിപ്പിച്ചത്.
ഭർത്താവിന്റ മരണത്തെത്തുടർന്ന് ധനസഹായത്തിനായി അപേക്ഷിച്ച ആമ്പല്ലൂർ വില്ലേജിലെ ചന്ദ്രിക സുബ്രഹ്മണ്യന്റെ പരാതിയിൽ ദേശീയ കുടുംബക്ഷേമ പദ്ധതിയിൽ നിന്ന് അടിയന്തരമായി ധനസഹായം ലഭ്യമാക്കാൻ കളക്ടർ ഉത്തരവിട്ടു. ഇതുൾപ്പെടെ അദാലത്തിൽ പരിഗണിച്ച 58 പരാതികളിൽ 17 എണ്ണം തീർപ്പ് കൽപ്പിച്ചു. മറ്റ് പരാതികൾ തുടർ നടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. കൂടുതലും സർവേ സംബന്ധമായ പരാതികളായിരുന്നു. എ.ഡി.എം സാബു കെ. ഐസക്, തഹസിൽദാർ ബീന പി. ആനന്ദ്, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവരും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.