കൊച്ചി : ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കളക്ടർ എസ്. സുഹാസ് ഡെപ്യൂട്ടി കളക്ടർമാർക്ക് നിർദേശം നൽകി. അതിശക്തമായ മഴയുടെ പ്രവചനം മുന്നിൽകണ്ട് ഏഴാംതീയതിവരെ ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ്ധസമിതിയും അപകടസാദ്ധ്യതാമേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരെയുമാണ് മാറ്റുന്നത്. ജനങ്ങളെ സുരക്ഷിതമായ ബന്ധുവീടുകളിലേക്ക് മാറ്റാനാണ് നിർദേശം . അത്തരം സൗകര്യം ഇല്ലാത്തവർക്കായി ക്യാമ്പുകൾ തുറക്കണം പഞ്ചായത്തുകളിലെ എമർജൻസി റെസ്‌പോൺസ് ടീം ജാഗ്രത പുലർത്തണം.

# മണ്ണിടിച്ചിൽ സാദ്ധ്യതാപ്രദേശങ്ങൾ

ജില്ലയിൽ കുന്നത്തുനാട് താലൂക്കിലെ കൊമ്പനാട്, വേങ്ങൂർ, കോതമംഗലം താലൂക്കിലെ നേര്യമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, കടവൂർ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ താലൂക്കിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ സജീവമാക്കാനും ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകളെല്ലാം ജനങ്ങളെ കൃത്യസമയത്തു തന്നെ അറിയിക്കാനും കളക്ടർ നിർദേശിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.ആർ.വൃന്ദാദേവി, ഡെപ്യൂട്ടി കളക്ടർമാരായ പി.ബി.സുനിലാൽ, എം.വി.സുരേഷ്‌കുമാർ, തഹസിൽദാർമാർ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.