nia

കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ ഭീകരബന്ധത്തിന്റെ തെളിവുകളും കേസ് ഡയറിയും ഇന്ന് എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ,ഭീകരബന്ധത്തിന്റെ തെളിവുകൾ ഹാജരാക്കാൻ കോടതി അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടത്. ഇന്ന് സ്വപ്‌നയുടെ ജാമ്യാപേക്ഷയും പരിഗണിക്കും.

സ്വർണക്കടത്തിൽ ഭീകരബന്ധമുണ്ടെന്ന് കാട്ടിയാണ് പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത്. ഓരോ പ്രതിയെ പിടി കൂടുമ്പോഴും റിപ്പോർട്ടിൽ ഭീകരബന്ധം പരാമർശിക്കുമെങ്കിലും ,കോടതിയിൽ തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. കോടതി തെളിവ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ പ്രതി ചേർക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് അലിയെ എൻ.ഐ.എ അറസ്‌റ്റ് ചെയ്‌തത്. സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റെമീസിൽ നിന്ന് സ്വർണം വാങ്ങാൻ ഇയാൾ ഇടനിലക്കാരനായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

കൈവെട്ടുകേസിൽ കേരള പൊലീസാണ് മുഹമ്മദ് അലിയെ പ്രതി ചേർത്തത്. എൻ.ഐ.എ കേസ് ഏറ്റെടുത്തപ്പോഴും പ്രതിപ്പട്ടികയിൽ മാറ്റമുണ്ടായില്ല. പ്രതികൾക്ക് രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സാമ്പത്തികസഹായം നൽകിയെന്ന കുറ്റമാണ് ചുമത്തിയത്. എന്നാൽ, വിചാരണയിൽ ഈ ആരോപണം എൻ.ഐ.എയ്ക്ക് തെളിയിക്കാനാവാതെ വന്നതോടെ മുഹമ്മദ് അലിയെ വെറുതെ വിടുകയായിരുന്നു.

പ്രതികളിൽനിന്ന് സ്വർണം വാങ്ങിയ കോയമ്പത്തൂരിലെ ചിലരുടെ വസതികളിൽ എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. ഇവർക്ക് ചില ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു നീക്കം. ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.