sherif

കൊച്ചി: അന്തരിച്ച നിർമ്മാതാവും വിതരണക്കാരനും തിയേറ്റർ ഉടമയുമായിരുന്ന എളമക്കര ശ്രീനാരായണ റോഡ് ഗീതഹൗസിൽ ഷെരീഫ് കൊട്ടാരക്കരയ്ക്ക് (76) അന്ത്യാഞ്ജലി. കൊട്ടാരക്കരയിൽ ജനിച്ചുവളർന്ന അദ്ദേഹം വർഷങ്ങളായി കൊച്ചിയിലായിരുന്നു താമസം. കഴിഞ്ഞദിവസം വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയ്ക്കുശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

ഗീത എന്ന പേരിൽ സിനിമാമാസികയും പത്രവും ഇറക്കിത്തുടങ്ങിയ ഷെരീഫ് തുടർന്ന് സിനിമാ നിർമ്മാണത്തിലേക്കുൾപ്പെടെ ചുവടുവച്ചു. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത കടൽക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. എറണാകുളം പാലാരിവട്ടത്ത് ഗീത എന്ന തിയേറ്റർ നടത്തിയിരുന്നു. ഗീത ആർട്സ് എന്ന പേരിൽ വിതരണക്കമ്പനിയും ഉണ്ടായിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ അംഗവും കേരള ഫിലിം ചേംബറിൽ വിവിധ പദവികളും വഹിച്ചിരുന്നു. കുറച്ചു വർഷങ്ങളായി സിനിമാമേഖലയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: ഷെരീഫ. മക്കൾ: ഷാജഹാൻ, ഷൈല. മരുമക്കൾ: സുബൈദ, രാജീവ്.