മൂവാറ്റുപുഴ: അങ്കമാലി- എരുമേലി ശബരി റെയിൽവേ പദ്ധതി സ്ഥല ഉടമകളോടുള്ള മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ ഒഫ് ശബരി റെയിൽവേ പ്രോജക്റ്റിന്റെ സെൻട്രൽ ആക്ഷൻ കമ്മിറ്റി സെക്രട്ടറി ജിജോ പനച്ചിനായിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തങ്ങളുതല്ലാത്ത കാരണങ്ങളാൽ ശബരി റെയിൽ പദ്ധതി വൈകിയതിന് സ്ഥലം ഉടമകൾക്ക് നഷ്ട പരിഹാരം നൽകണമെന്നും, ശബരി റെയിൽവേ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം മാറ്റുന്നില്ലെങ്കിൽ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് സർവേ കല്ല് നീക്കം ചെയ്ത് നൽകണമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ ഓഫ് ശബരി റെയിൽവേ പ്രോജക്റ്റിന്റെ ഭാരവാഹികളായ എം സി അനീഷ് കുമാർ, എം പി വിശ്വനാഥൻ നായർ, എൻ. എ. സലീം, ജോർജ് താന്നിമറ്റം, ശിവൻ കിഴക്കേക്കര, അബ്ദുൾ ഖാദർ, രാജപ്പൻ റ്റി കെ, കെ. കെ. രാമനാഥ പിള്ള, എന്നിവരാണ് പത്ര സമ്മേളനത്തിൽ പങ്കെടുത്തത്.