തോപ്പുംപടി: വല നിറയെ മീനെന്ന പ്രതീക്ഷയുമായി ബോട്ടുകൾ ഇന്ന്

ഇന്ന് കടലിലേക്ക്. 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധ രാത്രിയോടെ പിൻവലിക്കും. 4000ലധികം ബോട്ടുകളാണ് മത്സ്യബന്ധത്തിനായി പുറപ്പെടുക. എറണാകുളം ജില്ലയിൽ മുനമ്പം,​ കാളമുക്ക് എന്നീ ഹാർബറുകളിൽ നിന്നും മാത്രമാണ് ബോട്ടുകൾ മത്സ്യബന്ധനത്തിനായി പോകുക. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്നതിനാൽ തോപ്പുംപടി ഹാർബറിൽ നിന്നും ഒരു ബോട്ടുപോലും കടലിൽ പോകില്ല.

ഇക്കഴിഞ്ഞ 31നാണ് ട്രോളിംഗ് നിരോധനം പിൻവലിക്കേണ്ടിയിരുന്നത്. കൊവിഡ് വ്യാപന ഭീതിയുടെയും തമിഴ്നാട്ടിലേക്ക് പോയ ഗിൽനെറ്റ് ബോട്ടുകൾ എത്താൻ വൈകിയതുമാണ് പിൻവലിക്കൽ നീണ്ടുപോയത്. സംസ്ഥാനത്ത് 3600 ട്രോളിംഗ് ബോട്ടുകളും 600 ഗിൽ നെറ്റ് ബോട്ടുകളും 100 പേഴ്സീൻ ബോട്ടുകളുമാണുള്ളത്. ഇതിൽ പേഴ്സീൻ ബോട്ടുകൾ കടലിൽ പോയാൽ മാത്രമേ ചാളയും അയലയും ലഭിക്കുകയുള്ളൂ.

തമിഴ്നാട്ടിൽ നിന്നും വരുന്ന കുളച്ചൽ സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് രോഗബാധ ഇല്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ബോട്ടിൽ പോകാൻ കഴിയുകയുള്ളു. കൊല്ലം ജില്ലയിൽ ചെറിയ ബോട്ടുകൾക്കാണ് കടലിൽ പോകാൻ അനുമതി നൽകിയിരിക്കുന്നത്. വലിയ ബോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 31ന് തന്നെ കായലോരത്തെ ഡീസൽ പമ്പുകൾ പ്രവർത്തിച്ചു തുടങ്ങി.കൂടാതെ ഐസ് ഫാക്ടറികളും വർക്ക്ഷോപ്പു കളും സജീവമായി.