rambuttan
ശ്വാസനാളത്തിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തപ്പോൾ

ആലുവ: റംബൂട്ടാൻ പഴം വിഴുങ്ങി ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസംനിലച്ച് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം. ആലുവ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് കഴിഞ്ഞ 28നാണ് വീട്ടിൽവെച്ച് പഴം വിഴുങ്ങിയതിനെത്തുടർന്ന് ബോധരഹിതനായത്.

അത്യാഹിത വിഭാഗത്തിൽ എത്തിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഏറെ പണിപ്പെട്ടാണ് വീണ്ടെടുത്തത്. ഇ.എൻ.ടി വിഭാഗം ഡോക്ടറുടെ സഹായത്തോടെ ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് ശ്വാസനാളത്തിൽ കുടുങ്ങിയ റംബൂട്ടാൻ പഴം പുറത്തെടുത്തത്. തുടർന്ന് കുട്ടിയെ ശിശുരോഗവിദഗ്ദ്ധൻ ഡോ. ബിപിൻ ജോസിന്റെ നേതൃത്വത്തിൽ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടർന്നു. ആരോഗ്യനില തൃപ്തികരമായതിനെതുടർന്ന് കുഞ്ഞിനെ മുറിയിലേക്ക് ഉടൻ മാറ്റുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.