മൂവാറ്റുപുഴ: പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കാൻ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായ ടീം മണ്ഡലത്തിലെവിടെ ദുരന്തമുണ്ടായാലും എത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഏഴ് അസംബ്ലി മണ്ഡലത്തിന്റെ പരിധിയിലും, ഇടുക്കി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സന്നദ്ധ സംഘത്തിന്റെ യൂണിറ്റുകൾ പ്രവർത്തനമാരംഭിക്കും.വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, തീപിടുത്തം തുടങ്ങി ഏത് ദുരന്തമുഖത്തും രക്ഷാപ്രവർത്തന സംവിധാനങ്ങളുമായി എത്താൻ കഴിയുന്നവിധം പ്രവർത്തകരെ പരിശീലിപ്പിക്കും. റെസ്ക്യൂ ട്രെയിനർ സിറാജ് കാരക്കുന്നം, വി.ജി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഡിസാസ്റ്റർ എൻഫോഴ്സ് മെന്റ് ടീം, നീന്തൽ പരിശീലകൻ കെ.എസ്.ഷാജി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഫാ.ആൻ്റണി പുത്തൻകുളം നിർവഹിച്ചു.
സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കോ ഓർഡിനേറ്റർ ജോൺസൺ മാമലശേരി അദ്ധ്യക്ഷത വഹിച്ചു. എൽദോ ബാബു വട്ടക്കാവിൽ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൾ സലാം, പ്രഫ. എബിൻ വിൽസൺ, അസീസ് കുന്നപ്പിളളി, മുജീബ് അന്ത്രു എന്നിവർ സംസാരിച്ചു.