കൊച്ചി : കോതമംഗലത്തെ പിണ്ടിമന സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസ് വിജിലൻസിനു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. 2017 സെപ്തംബർ 28 മുതൽ 2018 സെപ്തംബർ 28 വരെയുള്ള കാലയളവിൽ സഹകരണബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്റർക്കായിരുന്നു. ഇൗ കാലായളവിൽ കോടികളുടെ ക്രമക്കേടു നടന്നെന്നാരോപിച്ച് സഹകരണസംഘം പ്രസിഡന്റ് സണ്ണി പൗലോസ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ ഡി.ജി.പിക്ക് നിവേദനം നൽകിയിരുന്നു. 2.10 കോടി രൂപയുടെ ക്രമക്കേട് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അഞ്ച് ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടു നടന്നാൽ അന്വേഷണം വിജിലൻസിനു കൈമാറണമെന്നുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതി അന്വേഷണം വിജിലൻസിനു കൈമാറാൻ ഉത്തരവിട്ടത്.