മൂവാറ്റുപുഴ: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ കടവൂർ കുടുബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ പറമ്പിൽ, വിൻസൻ ഇല്ലിക്കൽ, വിവിധ കക്ഷിനേതാക്കളായ ഷാജി മുഹമ്മദ്, മെജോ ജോർജ്, മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ എ.വി. സുരേഷ്, മറ്റു വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ഡാർലി മോൾ ചെറിയാൻ, ആശുപത്രി ജീവനക്കാർ, ആശാപ്രവർത്തകർ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.അഭിലാഷ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

# ആധുനിക സൗകര്യം

പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭിക്കും. ഡോക്ടർമാരുടെയും, മറ്റ് ജീവനക്കാരുടെയും എണ്ണം വർദ്ധിപ്പിക്കുകയും, എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സയും ഇവിടെ നടക്കും. രോഗിയുടെ സ്വകാര്യത ഉറപ്പാക്കുന്ന രീതിയിലുള്ള പരിശോധന മുറി, ആധുനീക രീതിയിലുള്ള വിശ്രമ മുറി, ശൗചാലയം, ഒബ്‌സർവേഷൻ മുറി, മോഡുലാർ റാക്കോട് കൂടിയ ഫാർമസി, എയർ കണ്ടീഷൻ സംവിധാനമുള്ള ഫാർമസി സ്റ്റോർ, ആധുനീക ലാബ് സംവിധാനം, കുടിവെള്ള സൗകര്യം, പൂന്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്.