തൃക്കാക്കര : സർക്കാർ ബോർഡ് അനധികൃത വച്ച വാഹനങ്ങളെ തൊടാൻ മടിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഖ്യാപനം നടത്തി ഒരുമാസം പിന്നിടുമ്പോൾ പേരിന് മാത്രം നോട്ടീസ് നൽകുകയല്ലാതെ വാഹനങ്ങൾക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ഒരാൾ തന്റെ വാഹനത്തിൽ അനധികൃതമായി സർക്കാർ ബോർഡ് വച്ച് കേരളത്തിലുടനീളം സഞ്ചരിച്ചിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്. ഒരു മാസം മുമ്പ് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി.ഒയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് വിവിധ വകുപ്പ് മേധാവികൾക്ക് നോട്ടീസ് നൽകിയത്.
ചില വാഹനങ്ങൾ നിർദേശം പാലിച്ചു. എന്നാൽ ഭൂരിഭാഗം വാഹനങ്ങളും സർക്കാർ ബോർഡ് അഴിച്ച് മാറ്റിയിട്ടില്ല.
അതത് സ്ഥാപനങ്ങളുടെ ബോർഡ് മാത്രമാണ് വാഹനങ്ങളിൽ പ്രദർശിപ്പിക്കേണ്ടത്. ഇത് ഊരി മാറ്റാവുന്നതായിരിക്കണം.
ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഓൺ കോൺട്രാക്ട് എന്നും വകുപ്പിന്റെ പേരും താഴെയും വരും വിധമാണ് ബോർഡ് ഘടുപ്പിക്കേണ്ടത്.അതേസമയം സർക്കാർ ബോർഡ് വച്ച വാഹനം ഡ്രൈവർമാർ വീട്ടിൽ കൊണ്ടുപോകുന്നുവെന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഡെപ്പ്യൂട്ടി കളക്ടറുടെ ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. അതേസമയം ജില്ലയിലെ ഒരു സബ് കളക്ടർ ഗുരുതരമായ ചട്ടലംഘനം നടത്തിയതായി ആക്ഷേപം ശക്തമാണ്. ഈ സബ് കളക്ടർ സ്വകാര്യ വാഹനമാണ് ഉപയോഗിക്കുന്നതെന്നും കേരളം സർക്കാർ ബോർഡ് വച്ചാണ് യാത്ര എന്നുമാണ് ആക്ഷേപം.