കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരെ കസ്റ്റഡിയിൽ കിട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ അപേക്ഷയിൽ ഇവരെ നാളെ (ബുധൻ) ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രൊഡക്ഷൻ വാറന്റ് നൽകി. പത്തുദിവസത്തേക്ക് വിട്ടുകിട്ടണമന്നാണ് ഇ.ഡിയുടെ ആവശ്യം. സ്വർണക്കടത്തിന് കള്ളപ്പണം - ഹവാല ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ചതിനെത്തുടർന്നാണ് ഇ.ഡി കേസെടുത്തത്. ഇന്നലെ ഇ.ഡിക്കുവേണ്ടി ഹാജരായ അഡ്വ. ടി.എ. ഉണ്ണിക്കൃഷ്ണൻ ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി. കസ്റ്റംസ് സ്വപ്നയെയും സന്ദീപിനെയും ജുഡിഷ്യൽ കസ്റ്റഡിയിൽ തിരിച്ചു നൽകിയിരുന്നു.
ഇ.ഡിയുടെ അഭിഭാഷകനെ മാറ്റി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകനായ ഷൈജൻ.സി. ജോർജിനെ മാറ്റിയാണ് അഡ്വ. ടി. എ. ഉണ്ണിക്കൃഷ്ണനെ ഇൗ കേസിൽ നിയോഗിച്ചത്. ഇടതു സഹയാത്രികനായ ഷൈജനെ മാറ്റി ഉണ്ണികൃഷ്ണനെ നിയോഗിച്ചത് രാഷ്ട്രീയ നീക്കമാണെന്ന് ആരോപണം ഉയർന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അഡ്വ. ഷൈജൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റു ഏജൻസികളുടെ കേസുകളിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരാകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകരുടെ പാനലിൽനിന്നുള്ള ഒരാളെ നിയോഗിച്ചതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചു.