കൊച്ചി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തിസമയം 10 മുതൽ 2 മണിവരെയായി നിജപ്പെടുത്തുക, ഓരോ ശാഖയിലെയും ഹാജർനില 50 ശതമാനമായി പരിമിതപ്പെടുത്തുക, കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്ക് ശാഖകൾക്കും അവധി നൽകുക, ജീവനക്കാർക്കിടയിൽ ആന്റിജൻ പരിശോധന വ്യാപകമാക്കുക, കണ്ടെയിൻമെന്റ് സോണുകളിൽ താമസിക്കുന്ന ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കുക, അദാലത്തുകൾ, ഒറ്റത്തവണ തീർപ്പാക്കൽ തുടങ്ങി ഇടപാടുകാർ കൂട്ടംചേരാൻ സാദ്ധ്യതയുള്ള പരിപാടികൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്കും കത്തുനൽകി.

സംസ്ഥാനത്ത് 20 ബാങ്ക് ജീവനക്കാർക്ക് ഇതിനകം ജോലിസ്ഥലത്തുനിന്ന് കൊവിഡ് പകർന്നിട്ടുണ്ട്. ബാങ്ക്ശാഖകൾ സാധാരണ നിലയ്ക്ക് പ്രവർത്തനം തുടർന്നാൽ അവ കൊവിഡ് വ്യാപനകേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണ്. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി സി.ഡി. ജോസൺ പറഞ്ഞു.