കൊച്ചി: നയതന്ത്രചാനലിലൂടെ സ്വർണംകടത്താൻ ഡമ്മി പരീക്ഷണം നടത്തിയ പെരിന്തൽമണ്ണ സ്വദേശി അബ്‌ദുൾ ഹമീദ് കസ്‌റ്റംസ് മുമ്പാകെ ഹാജരായി മൊഴിനൽകി. ഇയാൾക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു.
സന്ദീപ് നായർക്കുവേണ്ടി രണ്ടുതവണ നയതന്ത്രചാനലിലൂടെ ഡമ്മി പരീക്ഷണം നടത്തിയെന്നാണ് ഹമീദിന്റെ മൊഴി. രണ്ടു തവണയും സ്വർണമുണ്ടായിരുന്നില്ല. 2019 ജൂലായിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചെങ്കിലും സ്വർണം കടത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറി. ഇതേമാർഗത്തിലൂടെ സ്വർണം കടത്തിയ സ്വപ്‌ന, സരിത്ത്, സന്ദീപ് നായർ എന്നിവർ പിടിയിലായതോടെ ഇക്കാര്യങ്ങൾ വിശദീകരിച്ച് ഹമീദ് സ്വകാര്യചാനലിൽ അഭിമുഖം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹാജരാകാൻ കസ്‌റ്റംസ് നോട്ടീസ് നൽകിയത്. മൊഴിയെടുക്കൽ തുടരുകയാണ്. കേസിൽ പ്രതി ചേർത്തിട്ടില്ല.