തൃക്കാക്കര : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും സ്പീക്കറും രാജി വയ്ക്കുക, സി.ബി.ഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പി.ടി.തോമസ് എംഎൽഎ ‘സ്പീക്കപ് കേരള’ സത്യഗ്രഹം നടത്തി. കൊവിഡ് പ്രോട്ടോക്കൾ മുൻനിർത്തി പൊതു സ്ഥലം ഒഴിവാക്കി എം.എൽ.എയുടെ ഓഫിസിലായിരുന്നു രാവിലെ 9 മുതൽ ഉച്ചയ്ക്കു 1 വരെ സത്യഗ്രഹം. നേതാക്കൾ ഒരുമിച്ചെത്താതെ ഒറ്റയ്ക്കൊറ്റക്കെത്തി എം.എൽ.എയെ സന്ദർശിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സേവ്യർ തായങ്കേരി, ഡി.സി.സി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, എൻ.ഗോപാലൻ, എം.ബി.മുരളീധരൻ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.