palam
പശ്ചിമ കൊച്ചി അടച്ചുവെന്ന വാർത്ത വന്നെങ്കിലും രാവിലെ തോപ്പുംപടി പാലം വീണ്ടും തുറന്നെന്ന് വ്യാപകമായി പ്രചരിച്ചു. ഇതിനെ തുടർന്ന് യാത്രക്കാർ എത്തിയപ്പോൾ പാലങ്ങൾ അടച്ച നിലയിലായിരുന്നു. ഇതിനെ തുടർന്നുണ്ടായ തോപ്പുംപടി ബി.ഒ.ടി. പാലത്തിൽ ഉണ്ടായ ഗതാഗതകുരുക്ക്

കൊച്ചി: രോഗവ്യാപനം കൂടുന്ന ഫോർട്ടുകൊച്ചിയും അങ്ങോട്ടേയ്ക്കുള്ള ഹൈവേ ഉൾപ്പെടെ റോഡും അടയ്ക്കാൻ പൊലീസെടുത്ത നടപടി ഇന്നലെ രാവിലെ സൃഷ്ടിച്ചത് ആകെ കൺഫ്യൂഷൻ. പ്രദേശം ലോക്ക് ഡൗൺ ആയെന്ന് അറിയാതെ അന്യജില്ലകളിൽ നിന്ന് തോപ്പുംപടി ബി.ഒ.ടി പാലം വഴി കടന്നുവന്ന വാഹനങ്ങൾ ശരിക്കുംപെട്ടു. പിന്നീട് ആശയക്കുഴപ്പം ഒഴിവാക്കി പൊലീസ് തന്നെ മുന്നിട്ടെത്തി. ചില ഇളവുകളോടെ നിയന്ത്രണങ്ങൾ നടപ്പിലാക്കി.

ഫോർട്ടുകൊച്ചിയുടെ ഒന്നുമുതൽ 28 വരെയുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച 18പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച അർദ്ധരാത്രിക്കുശേഷം പ്രദേശത്ത് ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് മാദ്ധ്യമങ്ങൾക്ക് വിവരം കൈമാറി. തോപ്പുംപടി ബി.ഒ.ടി പാലവും അടച്ചു. എന്നാൽ ആലപ്പുഴ ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാനഹൈവേ കൂടിയായ ബി.ഒ.ടി പാലം അടച്ചുവെന്നത് തിങ്കളാഴ്ച രാവിലെ അവിടെ എത്തിയപ്പോഴാണ് പലർക്കും മനസിലായത്. വാഹനവുമായി എത്തിയ എല്ലാവരുടെയും രേഖകൾ പൊലീസ് പരിശോധിക്കാൻകൂടി തുടങ്ങിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കായി. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി പ്രദേശം സന്ദർശിച്ചു. തുടർന്നാണ് നിയന്ത്രണങ്ങളിൽ കൃത്യതയുണ്ടാക്കിയത്. ഇന്നലെ ഫോർട്ടുകൊച്ചിയിൽ പത്തുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങളും ഇളവുകളും

# പടിഞ്ഞാറൻ കൊച്ചിയിലെ നാല് പാലങ്ങളിലും കർശന നിയന്ത്രണം

# തോപ്പുംപടി പാലത്തിലൂടെ അവശ്യസേവനങ്ങൾക്ക് മാത്രം കടന്നുപോകാം

# ട്രക്കുകൾക്ക് കടന്നുപോകാം

# ദീർഘദൂര ബസുകൾക്ക് കണ്ടെയ്ൻമെന്റ് സോണിൽ നിർത്താതെ സഞ്ചരിക്കാം

# തോപ്പുംപടി കോടതിക്ക് സമീപവും മാർക്കറ്റിന് സമീപവും പൊലീസ് പരിശോധനാകേന്ദ്രങ്ങൾ

# അവശ്യവസ്തുക്കളുടെ കടകൾക്ക് രാവിലെ 8മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കാം

# മറ്റു സ്ഥാപനങ്ങൾ അടച്ചിടണം

# അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും


"അടച്ചുപൂട്ടലിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. ഇവിടെ രോഗവ്യാപനം കൂടുകയാണ്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ ആളുകളുടെ സഞ്ചാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഹൈവേ അടയ്ക്കാനാവില്ല. എന്നാൽ, പരിശോധന കർശനമാക്കും. "

ജി. പൂങ്കുഴലി

ഡെപ്യൂട്ടി കമ്മീഷണർ

കൊച്ചി