നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിൽ പത്ത് മെഗാ പദ്ധതികൾ ഇന്ന് രാവിലെ 10.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അഞ്ച് പദ്ധതികളും പഞ്ചായത്ത് - എം.പി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പദ്ധതികളുമാണ് നാടിന് സമർപ്പിക്കുന്നത്.

പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘനാളത്തെ അഭിലാഷമായിരുന്ന കിടത്തി ചികിത്സാ സൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രം, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വായനശാലയും റിസർച്ച് സെന്ററും ഭിന്നശേഷിക്കാർക്കായി നിർമ്മിച്ച സ്‌നേഹദീപം ബഡ്‌സ് സ്‌കൂൾ കെട്ടിടം, വയോജനങ്ങൾക്കായി പകൽവീട്, വനിതകൾക്കായി ചൈതന്യ വ്യവസായ യൂണിറ്റും കെട്ടിടവും എന്നീ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കൂടാതെ ഗ്രീൻവാലി റോഡ്, ഫ്രീഡം ഫൈറ്റർ കൊച്ചാപ്പു മെമ്മോറിയൽ റോഡ്, മനയ്ക്കക്കടവ് കരിമ്പൻവേലി റോഡ്, തൃക്കൈക്ഷേത്രം ആറാട്ടുകടവ് റോഡ് എന്നിവയുടെ ഉദ്ഘാടനവും നാലാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനവും നടക്കും.

നഗരസൗകര്യങ്ങളോടുകൂടിയുള്ള ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട റർബൻ മിഷൻ പദ്ധതിയിൽ ലഭിച്ച തുക ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു. ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിനായി ടിവി വിതരണം, ഭിന്നശേഷിക്കാർക്കായുള്ള ഉപകരണ വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡു വിതരണം തുടങ്ങിയവയും നടക്കും. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. വി.ഡി. സതീശൻ എം.എൽ.എ മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.