കൊച്ചി: ജില്ലയിലെ 7 കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്തു. ആലങ്ങാട്, കടവൂർ, മുളവുകാട്, മുനമ്പം, രായമംഗലം, തിരുവാണിയൂർ എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളും തൃപ്പൂണിത്തുറ നഗര കുടുംബാരോഗ്യകേന്ദ്രവുമാണ് ഉദ്ഘാടനം ചെയ്തത്.
കൊവിഡ് പ്രതിരോധത്തിലുൾപ്പെടെ ജനകീയആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ഒന്നാംഘട്ടത്തിൽ ജില്ലയിൽ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തിൽ 40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 9 കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമായ 7 കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അതത് കേന്ദ്രങ്ങളിൽ പങ്കെടുത്തു.