swapna

കൊച്ചി: നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യപ്രതി സ്വപ്‌ന കസ്റ്റംസിനു നൽകിയ മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ നൽകി. 32 പേജുള്ള മൊഴിയാണ് സമർപ്പിച്ചത്. സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റിലെ ഉന്നതരുൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് സ്വപ്ന കസ്റ്റംസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇൗ വിവരങ്ങൾ ഉൾപ്പെട്ട മൊഴിക്ക് കേസിന്റെ തുടർനടപടികളിൽ നിർണായക പങ്കുണ്ടെന്നതിനാലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് സാമ്പത്തികകുറ്റ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ സമർപ്പിച്ചത്.

സാധാരണഗതിയിൽ അന്വേഷണ സംഘത്തിനു മുന്നിൽ പ്രതി നൽകുന്ന മൊഴി കോടതി തെളിവായി പരിഗണിക്കാറില്ല. ഇത്തരം ഘട്ടങ്ങളിൽ അന്വേഷണസംഘം പ്രതിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പതിവ്. എന്നാൽ കള്ളക്കടത്തു കേസുകളിൽ പ്രതി കസ്റ്റംസ് ആക്ടിലെ സെക്ഷൻ 108 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ നൽകുന്ന മൊഴിക്ക് തെളിവു മൂല്യമുണ്ട്. ഇങ്ങനെ രേഖപ്പെടുത്തുന്ന മൊഴി മജിസ്ട്രേട്ട് മുമ്പാകെ പ്രതി നൽകുന്ന രഹസ്യമൊഴിയോളം വരില്ലെങ്കിലും നിശ്ചിത തെളിവുമൂല്യം നൽകാമെന്ന് നിയമത്തിലും വ്യവസ്ഥയുണ്ട്.

 എന്തിന് മുദ്രവച്ച കവറിൽ

കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളിൽ സ്വപ്‌ന നൽകിയ മൊഴി മാറ്റിപ്പറയുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും. എൻ.ഐ.എ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് എന്നിങ്ങനെ മൂന്നു ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്. ഇൗ സാഹചര്യത്തിൽ കള്ളക്കടത്തു കേസിൽ സ്വപ്‌ന കസ്റ്റംസിനു നൽകിയ മൊഴിക്ക് തെളിവുമൂല്യമുള്ളതിനാൽ നിയമപരമായി പ്രാധാന്യമുണ്ട്.