നെടുമ്പാശേരി: ചികിത്സ തേടിയെത്തിയ വ്യക്തിയ്ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രി താത്ക്കാലികമായി അടച്ചു. കുന്നുകര കെ.പി.കെ.എം ആശുപത്രിയാണ് അടച്ചത്. ഡോക്ടറും നഴ്‌സുമാരും അടക്കമുള്ള ജീവനക്കാർ നിരീക്ഷണത്തിലായി.

പുത്തൻവേലിക്കര സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുദിവസം മുമ്പാണ് പനിയും ചുമയും തലവേദനയും ഉണ്ടായതിനെ തുടർന്ന് ചികിത്സതേടിയെത്തിയത്. പിന്നീട് ഇദ്ദേഹത്തെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കി. ഇന്നലെ ലഭിച്ച പരിശോധനാ ഫലത്തിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലെത്തിയ രോഗികളോടും ജാഗ്രത പാലിക്കാൻ ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്.