ആലുവ: അഞ്ച് ദിവസം മുമ്പ് വാഹനാപകടത്തിൽ പിതാവ് മരണമടഞ്ഞതറിയാതെ ഏഴ് വയസുകാരി നീലാവതി തമിഴ്‌നാട്ടിൽ അച്ഛനെ കാത്തിരിപ്പാണ്. ലോക്ക് ഡൗൺ ആരംഭിക്കും മുമ്പ് ആലുവയിൽ നിന്ന് മാതാവ് പരേതയായ മുത്തുലക്ഷ്മിയുടെ വീട്ടിലെത്തിയതാണ്. പിന്നീട് ഇതുവരെ അച്ഛനെ കണ്ടിട്ടില്ല.
ദിവസവുമുള്ള അച്ഛന്റെ ഫോൺവിളി നിലച്ചതോടെ നീലാവതി കരഞ്ഞ് തളർന്നിരിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു. ഇവിടെ ക്വാറന്റെയിനിൽ കഴിയുന്ന രണ്ട് സഹോദരന്മാരും പിതാവിന് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. ജൂലായ് 30നാണ് ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ചൂർണിക്കര തായിക്കാട്ടുകര പട്ടാടുപാടത്ത് ദേവിവിലാസത്തിൽ ലക്ഷ്മണൻ (മുരുകൻ 51) മരിച്ചത്. കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് മാനദണ്ഡപ്രകാരമായിരുന്നു സംസ്കാരം.
30 വർഷംമുമ്പ് കേരളത്തിലെത്തി ആട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ലക്ഷ്മണൻ. ലക്ഷ്മണനെ ദുരന്തങ്ങൾ വിട്ടൊഴിയാതെ വേട്ടയാടുകയായിരുന്നു. ആദ്യഭാര്യ നീലാവതി മരിച്ചതോടെയാണ് മുത്തുലക്ഷ്മിയെ വിവാഹം കഴിച്ചത്. ആദ്യഭാര്യയുടെ ഓർമ്മയിലാണ് മുത്തുലക്ഷ്മിയിൽ ജനിച്ച മകൾക്ക് നീലാവതിയെന്ന് പേരിട്ടത്. കഴിഞ്ഞ ഏപ്രിലിലാണ് മൊബൈൽ കടയിലേയ്ക്ക് കാർ ഇടിച്ചുകയറി ജോലി ചെയ്തിരുന്ന മുത്തുലക്ഷ്മി മരിച്ചത്.
ഭാര്യയുടെ മരണശേഷം ആലുവയിൽ പഠിച്ചിരുന്ന മകളെ തമിഴ്‌നാട്ടിലെ മുത്തുലക്ഷ്മിയുടെ വീട്ടിലാക്കി ആദ്യഭാര്യയിലെ ആൺമക്കളായ നമ്പിരാജിനും വെങ്കിടേഷിനുമൊപ്പം ആലുവയിൽ താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ലക്ഷ്മണനും മരണത്തിന് കീഴടങ്ങിയത്. പൊലീസും ഡോക്ടർമാരും അനാസ്ഥ കാണിച്ചതിനെത്തുടർന്ന് ലക്ഷ്മണന്റെ മൃതദേഹം അഞ്ചാം നാളിലാണ് കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.