ആലുവ: നഗരസഭയിൽ കൊവിഡ് രോഗ വ്യാപനത്തിന് ശമനമുണ്ടായതോടെ ഭൂരിഭാഗം വാർഡുകളിലും ഇന്ന് ഇളവുകൾ പ്രഖ്യാപിച്ചു. നഗരസഭയിലെ 26 വാർഡുകളിൽ 18 വാർഡുകളിലാണ് ജില്ലാ കളക്ടർ ഇളവുകൾ പ്രഖ്യാപിച്ചത്. ഊമൻകുഴിത്തടം (11), മുനിസിപ്പൽ ഓഫീസ് (12), മദ്രസ (13), ആശാൻ കോളനി (14), ട്രഷറി (15), പ്രിയദർശിനി (24), കനാൽ (25), തണ്ടിക്കൽ (26) എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണായി നിലനിറുത്തിയത്. ബാക്കിയുള്ള വാർഡുകളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ആലുവ ലാർജ് ക്ലസ്റ്ററിൽ ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളിലും ചില വാർഡുകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ആലുവയിൽ 21 കൊവിഡ് കേസ്
ആലുവ ലാർജ് ക്ലസ്റ്ററിൽ 21 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 11 പേർ ചൂർണിക്കര സ്വദേശികളാണ്. ഇതിൽ ആറുപേർ സ്ത്രീകളാണ്. ആറുപേർ എടത്തല ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവരാണ്. ഇതിൽ മൂന്നുപേർ സ്ത്രീകളാണ്. കടുങ്ങലൂർ, കരുമാലൂർ, കീഴ്മാട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും കൊവിഡ് രോഗമുണ്ട്. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ആലുവ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.