കൊച്ചി : ആലുവ കടുങ്ങല്ലൂർ സ്വദേശിയായ കുഞ്ഞ് മരിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനു മുമ്പേ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ, ചികിത്സാനിഷേധം തുടങ്ങിയ നിരുത്തരവാദപരമായ പ്രസ്താവന നടത്തി ഡോക്ടർമാരെ അവഹേളിക്കാൻ ശ്രമിച്ച അൻവർ സാദത്ത് എം.എൽ.എ മാപ്പ് പറയണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ ഘടകം ആവശ്യപ്പെട്ടു.

സ്വന്തം മണ്ഡലത്തിലെ ആശുപത്രിക്കെതിരെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അവാസ്ഥവമായ പ്രസ്താവനകൾ നടത്തി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്ത എം.എൽ.എയുടെ നടപടി പ്രതിഷേധാർഹമാണ്. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതംചെയ്യുന്നു.

കോവിഡ് രോഗനിർണയവും ഐസൊലേഷൻ സംവിധാനവും ഏറ്റവുമാദ്യം ഏറ്റെടുത്തു മാതൃക കാണിക്കുകയും ജില്ലയിൽ ഏറ്റവും കൂടുതൽ സ്രവപരിശോധന നടത്തുകയും ചെയ്യുന്ന ആലുവ ജില്ലാ ആശുപത്രിയെ കരിതേക്കാൻ ശ്രമിക്കുന്നതിന് മുമ്പ് വിദഗ്ദ്ധാഭിപ്രായം തേടാനുള്ള ഔചിത്യവും ധാർമ്മികതയും എം.എൽ.എ കാണിച്ചില്ല. ഒഴിവുള്ള മുഴുവൻ തസ്തികകളും നികത്തുന്നതിനും സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി തസ്തികകൾ സൃഷ്ടിക്കാനും നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് എം.എൽ.എയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല.
പീഡിയാട്രിക് സർജറി, ഗ്യാസ്‌ട്രോ എന്ററോളജി തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് കുട്ടിയുമായി ആലപ്പുഴ മെഡിക്കൽ കോളേജ് വരെ പേകേണ്ടിവന്നത്. അതിന്റെ ഉത്തരവാദിത്തം അധികജോലി ചെയ്യേണ്ടി വരുന്ന ഡോക്ടർമാരുടെമേൽ കെട്ടിവയ്ക്കാനും യഥാർത്ഥ പ്രശ്‌നത്തിൽനിന്ന് ഒളിച്ചോടാനും ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ പറഞ്ഞു.