ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഏതെങ്കിലും ഡോക്ടർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ കാര്യങ്ങൾ മനസിലാക്കാതെയാണ് തനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ചികിത്സാനിഷേധം നടന്നിട്ടുണ്ടെങ്കിൽ ഇടപെടുകയെന്നത് ജനപ്രതിനിധിയുടെ കർത്തവ്യമാണ്. ഇതിനർത്ഥം ഡോക്ടർമാരെ അടച്ചാക്ഷേപിക്കുകയല്ല. അങ്ങനെയാണെങ്കിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത് ഡോക്ടർമാരെ ആക്ഷേപിക്കുന്നതിനാണോയെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കണം. നാണയം വിഴുങ്ങിയ മുന്നു വയസുകാരനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നാണെന്ന കാരണം പറഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പോലും കിടത്താതെ മടക്കിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കണ്ടെയ്ൻമെന്റ് സോണിൽനിന്നും വരുന്നവരെ ചികിത്സക്കേണ്ടെന്നാണോ കെ.ജി.എം.ഒ.എയുടെ നിലപാടെന്ന് വ്യക്തമാക്കണം.
എന്നോടൊപ്പം മറ്റു ജനപ്രതിനിധികളും പ്രതികരിച്ചപ്പോൾ തനിക്കെതിരെമാത്രം ആക്ഷേപം ഉന്നയിച്ചത് മുൻകാലത്ത് ജനങ്ങളോടൊപ്പംനിന്ന് താനെടുത്ത തീരുമാനത്തിലുള്ള വൈരാഗ്യമാണ്. ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ച ഇതരസംസ്ഥാന തൊഴിലാളിയെ കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിസ്വീകരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. കെ.ജി.എം.ഒ.എ ഇടനിലക്കാരനെ ഉപയോഗിച്ച് തന്റെ നിലപാട് മാറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങാത്തതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ പ്രസ്താവന.
ഇതരസംസ്ഥാന തൊഴിലാളിയുടെ മ്യതദേഹം ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിലേക്ക് പറഞ്ഞുവിട്ട ഡ്യൂട്ടിഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ശുപാർശ വെളിച്ചം കാണാത്തതും ചിലരുടെ ഇടപെടലാണെന്ന് എല്ലാവർക്കുമറിയാമെന്നും എം.എൽ.എ പറഞ്ഞു.