plastic

കൊച്ചി: പുതുവർഷത്തിൽ പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കണമെന്ന ലക്ഷ്യത്തിലാണ് സർക്കാർ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കൊണ്ടുവന്നത്. ജനങ്ങൾ തുണിസഞ്ചികളിലേക്ക് ചുവട് മാറിത്തുടങ്ങിയപ്പോഴാണ് കൊവിഡിന്റെ വരവ്. അതോടെ നിരോധനം ജലരേഖയായി. ലോക്ക് ഡൗൺ കാലത്ത് പാചകപരീക്ഷണങ്ങൾ ഏറിയതും പ്ലാസ്റ്റിക്കിന് ഉപകാരമായി. കേക്കും മറ്റ് ബേക്കറി ഉത്പന്നങ്ങളും മെനുവിൽ ഇടം പിടിച്ചതോടെ മെഷറിംഗ് കപ്പ്, സ്പൂൺ, എഗ് ബീറ്റർ തുടങ്ങിയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചു. സാനിറ്റൈസർ നിർമ്മാണവും പ്ലാസ്റ്റിക്കിന്റെ വിപണി വിശാലമാക്കി.


# വരവ് നിലച്ചു

പൊട്ട്, സൂചി, അലങ്കാര ബൾബുകൾ, ചീപ്പ്, സ്‌പ്രേഹെഡ് മുതൽ ടോയ്‌ലെറ്റ് ബ്രഷിന്റെ നാരുകൾവരെ ചൈനയിൽ നിന്നാണ്. പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റുകളിലെ മെഷീനുകളും ചൈനാനിർമ്മിതമാണ്. പ്ലാസ്റ്റിക്കിന്റെ വിവിധഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തികൾ മാത്രമാണ് ഇന്ത്യയിൽ കൂടുതൽ നടക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് സാമഗ്രികളെത്തുന്നത്. കൊവിഡ് വ്യാപനത്തോടെ പ്ലാസ്റ്റിക് വരവ് നിലച്ചു. വിലയും ഇരട്ടിയായി. മുമ്പ് നാലുദിവസം കൂടുമ്പോൾ മുംബയിൽനിന്ന് പ്ലാസ്റ്റിക് ലോഡുകളെത്തിയിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. പ്ലാസ്റ്റിക് കപ്പ്, പ്‌ളേറ്റുകൾ, സ്പൂണുകൾ, ഫോർക്ക്, സ്‌ട്രോ, കാരി ബാഗുകൾ, ഷീറ്റുകൾ, തെർമ്മോകോൾ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇരട്ടിവിലയോടെ വിപണിയിൽ തിരിച്ചെത്തി.


# വിലക്കയറ്റത്തിന്റെ ഗ്രാഫിൽ

കാെവിഡ് കാലത്ത് സാനിറ്റൈസർ ബോട്ടിലിനും സ്‌പ്രേഹെഡിനും വില ഇരട്ടിയിലേറെയായി. മുമ്പ് അഞ്ചു രൂപയായിരുന്ന ബോട്ടിലിന് ഇപ്പോൾ വില 20 നും 30 നും ഇടയിലായി. രണ്ടോ മൂന്നോ രൂപ മാത്രം ഉണ്ടായിരുന്ന സ്‌പ്രേഹെഡിന് 10 മുതൽ 20 രൂപയുമായി വർദ്ധിച്ചു. വനിതാസംരംഭകർ അച്ചാർ നിർമ്മാണത്തിലേക്ക് തിരിഞ്ഞതിനാൽ ബോട്ടിലുകളുടെ വിലയും വർദ്ധിച്ചു.

ഷാജി കുര്യൻ
സി.കെ.സ്റ്റോർ ഉടമ

എറണാകുളം ബ്രോഡ്‌വേ


# കൊവിഡ് കാലത്തെ താരം

തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 1300 പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണ കേന്ദ്രങ്ങളുണ്ട്. 90 ശതമാനം ഉത്പന്നങ്ങൾ ഇവിടെ നിർമ്മിക്കാൻ കഴിയും. അന്യസംസ്ഥാനക്കാരായ ജീവനക്കാർ മടങ്ങിയതിനാൽ ഭൂരിഭാഗം യൂണിറ്റുകളും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ഏറ്റവും അധികം ആവശ്യക്കാരുള്ളത് പാക്കിംഗ് വസ്തുക്കൾക്കാണ്. ഫേസ് മാസ്‌ക്, പി.പി.ഇ കിറ്റ് തുടങ്ങിയവ പ്ലാസ്റ്റിക് നിർമ്മിതമാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരം പൊതിയുന്നതും പ്ലാസ്റ്റിക്കിൽ തന്നെ.

ബാലകൃഷ്ണ ഭട്ട്

സംസ്ഥാന പ്രസിഡന്റ്
പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ