ആലുവ: കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായ സാഹചര്യത്തിൽ ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇളവനുവദിക്കണമെശ്യപ്പെട്ട് എൽ.ഡി.എഫ് നേതാക്കൾ മന്ത്രി വി.എസ്. സുനിൽകുമാറിന് നിവേദനം നൽകി.
വ്യാപാരവ്യവസായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും ആലുവ മാർക്കറ്റിന്റെ പ്രവർത്തനം വ്യാപാരി - തൊഴിലാളി പ്രതിനിധികൾ, ആരോഗ്യവിഭാഗം, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനമുണ്ടാക്കാനും അക്ഷയ സെന്റർ ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനും ഇളവുണ്ടാകണം. ആലുവയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് രോഗവ്യാപനം തടയാനായതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇളവുകൾ ആലോചിച്ച് ഉടൻ പ്രായോഗികമാക്കാമെന്നും മന്ത്രി അറിയിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റിഅംഗം വി. സലീം, സി.പി.ഐ. മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, ജില്ല എക്സിക്യുട്ടീവ് കമ്മറ്റിഅംഗം പി. നവകുമാരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.