കൊച്ചി: പ്രളയകാലത്ത് ചേക്കുട്ടിപ്പാവ, ഇപ്പോൾ മഹാമാരിക്കാലത്ത് കൊവിഡ് കെയർ സെന്ററുകളിലേക്ക് 'ശയ്യ' എന്ന സൗജന്യമെത്ത. പ്രതിസന്ധികളിൽ ഉയിർപ്പിന്റെ ഗാഥയാവുകയാണ് ലക്ഷ്‌മി മേനോന്റെ ആശയങ്ങൾ...
വിത്ത് ഒളിപ്പിച്ച പേന, വൃദ്ധസദനത്തിലെ അമ്മമാർക്ക് അമ്മൂമ്മത്തിരി, പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി രണ്ടര ലക്ഷം പ്ലാസ്‌റ്റിക് പേനകൾ ശേഖരിക്കുന്ന 'പെൻ ഡ്രൈവ്' പദ്ധതി.
കിടിലൻ ആശയങ്ങൾ എറണാകുളത്തുകാരി ലക്ഷ്‌മിയെ കേന്ദ്രസർക്കാരിന്റെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഗവേണിംഗ് കൗൺസിൽ അംഗം വരെയാക്കി.
ഫാഷൻ, ജുവല്ലറി, ഇന്റീരിയർ ഡിസൈനറായ ലക്ഷ്‌മി തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ഇത്തരം പ്രവർത്തനങ്ങൾക്കായി മാറ്റും. ആശയങ്ങൾ മറ്റുള്ളവർക്ക് നൽകും. അവർ വിജയിപ്പിക്കും. വലിയ മൂലധനം വേണ്ട.
ശയ്യ മെത്ത
കൊവിഡ് പി.പി.ഇ ഗൗണുകളുടെ നിർമ്മാണവേളയിൽ ഉപയോഗിക്കുന്ന വാട്ടർപ്രൂഫ് വസ്തുക്കളുടെ അവശിഷ്ടങ്ങളാണ് 'ശയ്യ'മെത്തയാക്കുന്നത്. വെള്ളം പിടിക്കില്ല. കഴുകി ഉണക്കാം. ഒരു ടൺ അവശിഷ്ടങ്ങളിൽ നിന്ന് 400 മെത്തകൾ നിർമ്മിക്കാം. ലക്ഷ്‌മിയുടെ വീട്ടിലാണ് യൂണിറ്റ്. സഹായികളായി പത്തു സ്ത്രീകളുണ്ട്. കൂലി നൽകുന്നതും ലക്ഷ്‌മിയാണ്. അസംസ്‌കൃത വസ്തുക്കൾ സൗജന്യമായാണ് ലഭിക്കുന്നത്. ഹാരിസൺ മലയാളം ഉൾപ്പെടെ പല സ്ഥാപനങ്ങളും മെത്ത നിർമ്മിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
32 ലക്ഷം ചേക്കുട്ടിപ്പാവ
പ്രളയം കൈത്തറി ഗ്രാമമായ ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ സ്വപ്നങ്ങളാണ് മുക്കിയത്. ഓണ വസ്ത്രങ്ങൾ ചെളിയിൽ നശിച്ചു. കത്തിക്കാൻ ഒരുങ്ങുമ്പോഴാണ് ലക്ഷ്‌മിക്ക് ചേക്കുട്ടിപ്പാവ (ചേറിൽനിന്നു കിട്ടയത്) എന്ന ആശയം ഉദിക്കുന്നത്. വസ്ത്രങ്ങൾ കഴുകി പാവ നിർമ്മിച്ചു വിറ്റു.36 ലക്ഷം രൂപ കിട്ടി. 21 ലക്ഷം രൂപ നഷ്ടം സംഭവിച്ച ചേന്ദമംഗലം നിവാസികൾക്ക് മൊത്തം തുകയും കൈമാറി. കുഞ്ഞുപാവ കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി.
അമ്മൂമ്മത്തിരിയിൽ തുടക്കം
അഞ്ചുകൊല്ലം മുമ്പ് വൃദ്ധസദനത്തിലെ അമ്മമാർക്ക് പണമെത്തിക്കാൻ മെഴുകുതിരി നിർമ്മിച്ച് വിൽക്കുന്ന അമ്മൂമ്മത്തിരി പദ്ധതിയിലൂടെയാണ് സേവന പ്രവർത്തനങ്ങളുടെ തുടക്കം. പിന്നാലെ, വിത്ത് തിരുകിവച്ച കടലാസു പേന നിർമ്മിച്ചു. വലിച്ചെറിയുന്ന പേനകളിൽ നിന്ന് വിത്തുകൾ മുളപൊട്ടി ചെടികൾ വളർന്നു.
ഉപയോഗശൂന്യമായ പ്ളാസ്റ്റിക് പേനകൾ ശേഖരിക്കാൻ 'പെൻ ഡ്രൈവ് 'എന്ന പദ്ധതി തുടങ്ങി. സ്‌കൂളുകളിൽനിന്ന് ഏഴര ലക്ഷം പേനകളാണ് രണ്ടുമാസം കൊണ്ട് ശേഖരിച്ചത്. ഇതുപയോഗിച്ച് കലാരൂപം (ഇൻസ്റ്റലേഷൻ) നിർമ്മിക്കും.
പ്യുവർ ലിവിംഗ് ഫൗണ്ടേഷന്റെ സ്ഥാപകയുമാണ് ലക്ഷ്മി.