ആലുവ: വിളവെടുപ്പിന് പാകമായ വാഴ, കപ്പ എന്നിവ വിൽക്കാനാകാതെ തുരുത്തിലെ കർഷകർ പ്രതിസന്ധിയിൽ. കൊവിഡ് മൂലം ചന്തയിൽ വിളകൾ എത്തിച്ചു നൽകുവാൻ കഴിയുന്നില്ല. കൂടാതെ ചിപ്പ്‌സ് വിപണന കേന്ദ്രങ്ങൾ ഉൾപ്പടെ അടച്ചിട്ടിരിക്കുന്നതിനാൽ കായ്ക്കുലകളും, കപ്പയുമൊന്നും വാങ്ങാൻ ആളില്ലാതെയായി.

മറ്റിടങ്ങളിൽ കൊടുത്താൽ തന്നെ കിട്ടുന്നത് വളരെ തുച്ഛമായ വിലയും. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തും, കടം വാങ്ങിയും മാസങ്ങളോളം ചോരനീരാക്കി കൃഷിയിങ്ങെളിൽ പണിയെടുത്തത് വൃഥാവിലായി.

# കർക്കടകം ചതിച്ചു

കർക്കടകമാസം പിറന്നതോടെ വെള്ളപൊക്ക ഭീഷണിയിലുമാണ്. പാകമായ ആയിരക്കണക്കിന് കായ്ക്കുലകളും, ടൺക്കണക്കിന് കപ്പയും വിറ്റഴിക്കാൻ മാർഗമില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്.

# ന്യായമായ വില നൽകണം

പ്രതിസന്ധിയിലായ തുരുത്ത് ഗ്രാമത്തിലെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിറ്റഴിക്കുന്നതിന് വേണ്ട സൗകര്യം പഞ്ചായത്ത് അധികൃതർ ഒരുക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.