മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കൊവിഡ് രോഗികൾക്കും നീരീക്ഷണത്തിൽ കഴിയുന്നവർക്കും സഞ്ചരിക്കുന്നതിനായി ടൂ ചേമ്പർ വെഹിക്കിൾ സർവീസ് ആരംഭിച്ചു. പത്ത് ടാക്‌സി കാറുകളാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഓടുക.

ഓരോ ട്രിപ്പിന് ശേഷവും വാഹനം അണു നശീകരണം നടത്തും. നിലവിൽ എയർപോട്ടുകളിലാണ് ടൂ ചേമ്പർ വാഹനങ്ങളുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധനയ്ക്ക്ം മറ്റും കൊണ്ടുപോകാൻ ആംബുലൻസ് വരുന്നത് രോഗിയുടെ ബന്ധുക്കൾക്കും അയൽവാസികൾക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ സർവീസ്.

പഞ്ചായത്തിലെ മെഡിക്കൽ ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ വാഹനം ലഭ്യമാകും. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് സ്രവപരിശോധന കേന്ദ്രം. പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് അനുമതിയായി.

വാഹനങ്ങളുടെ ഫ്‌ളാഗ് ഒഫ് എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ആർ.ഡി.ഒ. ചന്ദ്രശേഖരൻ നായർ.കെ, തഹസീൽദാർ കെ.എസ്.സതീശൻ, വി.എം.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.