തോപ്പുംപടി: കൊച്ചി തുറമുഖത്തെ ചരക്ക് നീക്കം തടസപ്പെട്ടു. വില്ലിംഗ്ടൺ ഐലന്റിലേക്കുള്ള ചരക്ക് വാഹനം പൊലീസ് തടയുന്നതാണ് കാരണം. പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണ് വിവിധ കമ്പനികൾക്ക് ഉണ്ടാകുന്നത്. നിരവധി ഷിപ്പിംഗ് കമ്പനികളാണ് കൊച്ചി തുറമുഖത്ത് പ്രവർത്തിക്കുന്നത്.

പല സീ ഫുഡ് ചരക്കുകളും, മറ്റു ചരക്കുകളും കെട്ടിക്കിടന്ന് നശിക്കുകയാണെന്ന് കമ്പനി അധികാരികൾ പറയുന്നു. കൊച്ചി തുറമുഖത്തു നിന്ന് വ്യവസായ സ്ഥാപനങ്ങളെല്ലാം വ്യവസായങ്ങളും വല്ലാർപാടത്തേക്ക് പറിച്ച് നട്ടെങ്കിലും കുറച്ച് ഷിപ്പിംഗ് കമ്പനികൾ മൂലമാണ് വില്ലിംഗ്ടൺ ഐലന്റ് പിടിച്ചു നിൽക്കുന്നത്.

കൊച്ചി തുറമുഖത്തേക്ക് ചരക്ക് വാഹനങ്ങളുമായി വരുന്ന സംരഭകരെയും ജീവനക്കാരെയും വഴിയിൽ തടയരുതെന്നും ഇവരെ അകത്തേക്ക് കയറ്റി വിടാൻ ബന്ധപ്പെട്ടവർ അനുവാദം നൽകണമെന്ന് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് സണ്ണിമലയിൽ ആവശ്യപ്പെട്ടു.