വൈപ്പിൻ: കൊവിഡ് പശ്ചാത്തലത്തിൽ മുനമ്പം ഹാർബറിൽ നിന്നും മിനി ഹാർബറിൽ നിന്നും ബോട്ടുകൾ കടലിൽ പോകുന്നതിനും ഇവിടെ നിന്നുള്ള മത്സ്യവിപണനത്തിനും ജില്ലാ ഭരണകൂടം മാർഗരേഖ പുറത്തിറക്കി.
ട്രോളിംഗ് നിരോധനം കഴിഞ്ഞ് ഇന്നലെ അർദ്ധരാത്രി മുതലാണ് ഫിഷിംഗ് ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് അനുവാദമുള്ളത് . ബോട്ടുകളുടെ രജിസ്റ്റർ നമ്പറിന്റെ അവസാന ഒറ്റഅക്കമുള്ള ബോട്ടുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കമുള്ളവക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പണിക്ക് പോകാം. ബോട്ടുകളിൽ നിന്ന് മത്സ്യം വില്പനക്ക് എത്തിക്കുന്നതിനും ഒറ്റ, ഇരട്ട രീതിയുണ്ട്.ഏത് ലാൻഡിംഗിൽ നിന്നാണോ പോകുന്നത് അവിടെ തന്നെ തിരിച്ചെത്തണം.
മത്സ്യബന്ധനത്തിന് പോകുന്നതിന് മുൻപായി മുനമ്പം ഹാർബറിലും മിനി ഹാർബറിലുമുള്ള ബോട്ടുകൾ മുനമ്പം ഹാർബറിൽ നിന്ന് പാസെടുക്കണം. നാട്ടുകാരായ തൊഴിലാളികളും അന്യ സംസ്ഥാനക്കാരും പ്രത്യേകമായി രജിസ്ട്രറിൽ രേഖപ്പെടുത്തണം. ഒരു ബോട്ടിന് ഒരു പ്രാവശ്യം പരമാവധി അഞ്ച് ദിവസം വരെയാണ് മത്സ്യബന്ധനം അനുവദിച്ചിട്ടുള്ളത്. തിരിച്ചു വരുന്ന ബോട്ടുകൾ മത്സ്യവില്പനക്കായി ടോക്കൺ എടുക്കണം. ഒരേ സമയം പത്ത് ബോട്ടുകൾക്ക് മാത്രമാണ് മത്സ്യവില്പന അനുവദിക്കുന്നത്. ഒരു ദിവസം അമ്പത് വീതം ബോട്ടുകളിലെ മത്സ്യമാണ് വില്പന നടത്താവുന്നത്. മത്സ്യലേലം ഒഴിവാക്കി പകരം തൂക്കി വില്പനയാണ് അനുവദിച്ചിട്ടുള്ളത്.
മാർഗരേഖ രൂപപ്പെടുത്തുവാനായി മുനമ്പം ഹാർബറിൽ കൂടിയ യോഗത്തിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ജോ. ഡയറക്ടർ, മത്സ്യഫെഡ് , പൊലീസ്, മുനമ്പം ബോട്ട് ഓണേഴ്‌സ് കോ ഓർഡിനേഷൻ , കച്ചവടക്കാർ , തരകൻമാർ, മത്സ്യതൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.