bjp
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ നടത്തിയ ഉപവാസ സമരം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സംസ്ഥാന ഭരണകൂടവും കൊച്ചി നഗരസഭയും കാണിച്ച അലംഭാവവും കെടുകാര്യസ്ഥതയുമാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. കേന്ദ്രസർക്കാർ പണം അനുവദിച്ചിട്ടും അത് വേണ്ടവിധം വിനിയോഗിക്കാതിരുന്നതാണ് യഥാർത്ഥപ്രശ്‌നം. വെള്ളക്കെട്ട് പരിഹരിക്കാനായി ആസൂത്രണംചെയ്ത പദ്ധതികൾ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം. ഈ വിഷയത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ ആശ്വാസകരമാണ്. കോടതിയുടെ മേൽനോട്ടത്തിൽ പദ്ധതി നടത്തിപ്പിനെക്കുറിച്ച് അന്വേഷണം നടത്തണം. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, മേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ പി.ജി. മനോജ്കുമാർ, രാജേഷ്, വി.എസ്. സുമേഷ് എന്നിവർ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ ഡിസാസ്റ്റർ മാനേജ്മന്റ് പദ്ധതിയിൽ കീഴിൽ ഒരുക്കിയ 'ബ്രേക്ക് ത്രൂ' പദ്ധതിയിൽ ഒഴുക്കിക്കളഞ്ഞത് പത്തുകോടിയാണ് .ജലസ്രോതസുകൾ വൃത്തിയാക്കാനായി കേന്ദ്രസർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയത് 16 കോടി രൂപയാണ്. ഇത് എന്തു ചെയ്‌തെന്നും അന്വേഷിക്കണമെന്ന് ജയകൃഷ്‌ണൻ പറഞ്ഞു.