മൂവാറ്റുപുഴ: വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന മൂവാറ്റുപുഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും മൂവാറ്റുപുഴ താലൂക്ക് ഓഫീസ് കോൺഫ്രൻസ് ഹാളിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധവികളുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കാലവർഷം കനക്കുന്നതോടെ മൂവാറ്റുപുഴയാർ കരകവിഞ്ഞ് ഒഴുകുന്നതോടെയാണ് മൂവാറ്റുപുഴ വെള്ളത്തിൽ മുങ്ങുന്നത്. കൊവിഡ് പടർന്നുപിടിക്കുമ്പോൾ ഇക്കുറിയും അപകട സാദ്ധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോജക മണ്ഡലത്തിലെ 19-സംഘടനകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്റർ ഏജൻസി ഗ്രൂപ്പ് നേരത്തെ രൂപീകരിച്ചിരുന്നു. കൂടുതൽ ബോട്ടുകളും വള്ളങ്ങളും രക്ഷാ സമഗ്രികളും കണ്ടെത്താൻ തീരുമാനിച്ചു.കൊവിഡ് പ്രതിരോധത്തിനായി പി.പി.കിറ്റുകളും സാനിറ്റൈസറുകളും സംഭരിക്കാനും നിലവിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി.
# വിവരങ്ങൾ ക്യത്യമായി ജനങ്ങളിലേക്ക് എത്തിക്കും
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുന്നതിന് പ്രധാന കാരണമാകുന്ന മലങ്കര ഡാമിലെ ജല നിരപ്പും ഷട്ടറുകൾ തുറക്കുന്നതും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പൊതുജനങ്ങളെ അറിയിക്കുന്നതിന് തീരുമാനിച്ചു. ഫയർഫോഴ്‌സിന് പുതിയ ഒരു ഡിങ്കി ബോട്ട് അനുവദിക്കാൻ കളക്ടറോഡ് ആവശ്യപ്പെടാൻ തീരുമാനിച്ചു.
# നാല് തരം ദുരിതാശ്വാസ ക്യാമ്പ്
കൊവിഡ് മഹാമാരി പടർന്ന് പിടിക്കുന്നതിനാൽ ഇക്കുറി നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിക്കുന്നത്. 65 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ക്യാമ്പും, വെള്ളം കയറുന്ന പ്രദേശങ്ങളിൽ ക്വറന്റൈയിനിൽ കഴിയുന്നവർക്കായി പ്രത്യേക ദുരിതാശ്വാസ ക്യാമ്പും ജലദോഷം, പനി അടക്കമുള്ള രോഗമുള്ളവർക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പും വെള്ളപൊക്കത്തെ തുടർന്ന് മാറി താമസിക്കുന്നവർക്കുള്ള സാധാരണ ക്യാമ്പുമാണ് ഒരുക്കുന്നത്. ക്യാമ്പിൽ പേർ രജിസ്റ്റർ ചെയ്തില്ലെങ്കിലും വെള്ളം കയറുന്ന വീടുകൾ വില്ലേജ് ഓഫീസർമാർ പരിശോധിച്ച് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.