കൊച്ചി: കൊവിഡ് പ്രതിരോധം പൊലീസിനെ ഏൽപ്പിച്ച് സർക്കാർ ഒളിച്ചോടുന്നത് പ്രതിഷേധാർഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുന്നതുൾപ്പെടെ യാതൊരുവിധ മാർഗനിർദേശവും നൽകാതെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊലീസിന് പൂർണസ്വാതന്ത്ര്യം നൽകിയിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യാപാരികളെയാണ്. കേരളത്തിലെ ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ നിലവിൽ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യപ്രവർത്തകരിൽ തന്നെ നിക്ഷിപ്തമാക്കണമെന്നും പൊലീസ്‌രാജ് കൂടി താങ്ങാനുള്ള ശേഷി വ്യാപാരികൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.