കൊച്ചി: കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ കർശനമാക്കുമെന്നും, ആരോഗ്യവകുപ്പുമായി സഹകരിച്ചായിരിക്കും പ്രവർത്തനങ്ങളെന്നും കൊവിഡ് സംസ്ഥാനതല നോഡൽ ഓഫീസറും, എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുമായ ഐ.ജി വിജയ് സാഖറെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കണ്ടെയ്ൻമെന്റ് കാര്യക്ഷമമായി നടപ്പാക്കുന്നതിൽ പൊലീസിന് വൈദഗ്ദ്ധ്യമുണ്ട്. യുദ്ധം കൊവിഡിനെതിരെയാണ്. ഏതെങ്കിലും വകുപ്പിനോടല്ല. ആർക്കും എതിരല്ല പൊലീസ്. കൊവിഡ് വ്യാപനം തടയാൻ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് നിയന്ത്രണം പൊലീസിനെ ഏൽപ്പിച്ചതിൽ ഐ.എം.എ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം.
ഒരാൾക്ക് രോഗബാധിതനുമായി പ്രാഥമികമായോ, രണ്ടാം ഘട്ടത്തിലോ സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹവും കുടുംബാംഗങ്ങളും നിർബന്ധമായും വീട്ടിലിരിക്കണം. എങ്കിൽ രോഗം പുറത്തേക്ക് പടരില്ല. കണ്ടെയ്ൻമെന്റ് സോണിൽ ഇത്തരം സമ്പർക്കമുള്ളവർ ധാരാളം കാണും. അവിടെ അവശ്യ സാധന ക്ഷാമമുണ്ടെങ്കിൽ പലചരക്ക് കടകൾ തുറക്കാം. എത്ര മാത്രം രോഗവ്യാപനമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി. സാമൂഹിക അകലം നിർബന്ധമാണ്. സാധനങ്ങൾ പരമാവധി വീടുകളിൽ എത്തിച്ചുനൽകാൻ പൊലീസിന്റെയും മറ്റും ശൃംഖലയുണ്ട്. കൊവിഡിതര രോഗികൾ പരമാവധി ടെലിമെഡിസിൻ ഉപയോഗപ്പെടുത്തുന്നതാവും നല്ലതെന്നും ഐ.ജി പറഞ്ഞു.